വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം തടയാൻ സംഘടന ഒന്നും ചെയ്തില്ലെന്നും സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
കോവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ നേരത്തെയും അമേരിക്ക രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. 30 മുപ്പത് ദിവസത്തിനകം രോഗം തടയുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ, സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിർത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ആവശ്യപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു.
അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
2019 ഡിസംബറിൽ തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നു എന്നും ചൈനക്കുവേണ്ടി വിവരങ്ങൾ മറച്ചുവെച്ചു എന്നും നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.