ന്യൂഡൽഹി: കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ എന്നതിൽ വ്യക്തമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നു പഠനം.
ദ ലാൻസെറ്റ് കോവിഡ്-19 കമ്മീഷൻ ഇന്ത്യ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരായ ഷെഫാലി ഗുലാത്തി, സുശീൽ കെ. കബ്ര, രാകേഷ് ലോധ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ കോവിഡ് ബാധിച്ച പത്തുവയസിൽ താഴെയുള്ള 2600 കുട്ടികളുടെ ചികിത്സാ റിപ്പോർട്ടാണ് പഠനവിധേയമാക്കിയത്.
രോഗം സ്ഥിരീകരിച്ച ബഹുഭൂരിപക്ഷം കുട്ടികൾക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. മറ്റുള്ളവരിൽ പനി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, ഛർദി, വയറുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണു പൊതുവെ കാണപ്പെട്ടത്.
അതേസമയം,ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസിൽ താഴെയുള്ള കുട്ടികളിൽ മരണനിരക്ക് 2.4 ശതമാനം മാത്രമാണ്. മരണത്തിനു കീഴടങ്ങിയ 40 ശതമാനം കുട്ടികളും പലവിധ രോഗങ്ങളുള്ളവരാണ്.
ഒരു ലക്ഷം കുട്ടികളിൽ രോഗബാധ കണ്ടെത്തിയാൽ 500 കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമെന്നു കരുതാം. മരണം സംഭവിക്കുന്നത് ഇതിൽ രണ്ടു ശതമാനത്തിനു മാത്രമായിരിക്കും.
അതായത് ഒരു ലക്ഷം കുട്ടികളിൽ ഒന്നോ രണ്ടോ പേരാണു മരണത്തിനു കീഴടങ്ങുക. കുട്ടികളിൽ കോവിഡ് തീവ്രമാകാൻ സാധ്യതയില്ല.
പ്രമേഹം, വിളർച്ച, പോഷകാഹാരക്കുറവ്, അർബുദം, എന്നീ രോഗങ്ങളുള്ള കുട്ടികളാണു കോവിഡ് ബാധിച്ചു മരിക്കുന്നവരിലേറെയും. അഞ്ചു ശതമാനത്തിൽ താഴെ മാത്രം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരിക. -പഠനം നടത്തിയവർ ചൂണ്ടിക്കാട്ടുന്നു.
2020 മാർച്ചിനും ഡിസംബറിനും ഇടയിലുള്ള ആദ്യ കോവിഡ് തരംഗത്തിലും 2021 ജനുവരി-ഏപ്രിൽ മാസങ്ങളിലെ രണ്ടാംതരംഗത്തിലുമുള്ള ചികിത്സാരേഖകളാണ് പഠനത്തിന് ആധാരം.