സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങളിൽ പലതും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ മോശമാവുകയാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആർടിപിസിആർ പരിശോധന 70 ശതമാനത്തിനു മുകളിലേക്ക് ഉയർത്തണമെന്നു നിർദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയും കണക്കിലെടുത്തിട്ടില്ല.
കേരളത്തിൽ ആർടിപിസിആർ ടെസ്റ്റ് ഒരു ഘട്ടത്തിലും 53 ശതമാനത്തിൽ കൂടിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ആർടിപിസിആർ പരിശോധനയുടെ അനുപാതം 45 ശതമാനമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കേസുകൾ വീണ്ടും ഉയരുകയാണ്.
ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് 5.09 ശതമാനമായി ഉയർന്നുവെന്നതും ആശങ്കയുണ്ടാക്കുന്നതാണ്.
മഹാരാഷ്ട്രയിൽ 60 ശതമാനം മാത്രമേ ആർടിപിസിആർ പരിശോധനകളുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണത്തേക്കാൾ കോവിഡ് വ്യാപനം വളരെ വേഗത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ പറഞ്ഞു. കോവിഡ് സാഹചര്യം വഷളായി.
മുന്നറിയിപ്പുകൾ വേണ്ടത്ര രീതിയിൽ ഗൗനിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന, കേരളം, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്.
ചെറിയ സംസ്ഥാനമായിട്ടുപോലും രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ ആറ് ശതമാനവും മരണത്തിന്റെ മൂന്നു ശതമാനവും ഛത്തീസ്ഗഡിലാണ്. രണ്ടാംതരംഗത്തിൽ ഛത്തീസ്ഗഡിലെ സാഹചര്യം മോശമായി.
മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും കേസുകളും മരണനിരക്കും കൂടുന്നതുമായ ജില്ലകളിലേക്ക് 50 ടീമുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചു. ഒരു സംഘത്തിൽ പൊതുജനാരോഗ്യ വിദഗ്ധൻ ഉൾപ്പെടെ രണ്ടുപേരാണുണ്ടാകുക.
ഏറ്റവും കൂടുതൽ രോഗികളുള്ള ആദ്യ പത്ത് ജില്ലകളിൽ ഏഴും മഹാരാഷ്ട്രയിലാണ്. (പൂന, മുംബയ്, താനെ, നാഗ്പുർ, നാസിക്, ഔറംഗബാദ്, അഹമ്മദ് നഗർ). കർണാടക (ബംഗളൂരു അർബൻ) ഛത്തീസ്ഗഡ് (ദുർഗ് ), ഡൽഹി എന്നിവിടങ്ങളിൽ ഓരോന്നിലുമാണ് സ്ഥിതി മോശമായത്.