റെയ്സൺ (മധ്യപ്രദേശ്): ജീവനക്കാരുടെ ക്ഷാമംമൂലം ആശുപത്രിയിലെ തോട്ടക്കാരന് കോവിഡ് പരിശോധനയ്ക്കെത്തിയവരുടെ സ്രവ സാംപിൾ ശേഖരിക്കേണ്ടിവന്നു. സാഞ്ചിയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം.
ആരോഗ്യമന്ത്രി പി. പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലാണു സാഞ്ചി. തിങ്കളാഴ്ച ഹൽകി റാം സ്രവം ശേഖരിക്കുന്ന വീഡിയോ പ്രദേശിക ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.
ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡാണ്. മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് തോട്ടക്കാരനെ സ്രവമെടുക്കാൻ ചുമതലപ്പെടുത്തിയതെന്നു ബ്ലോക്ക് മെഡിക്കൽ ഓഫീസർ രാജ്യശ്രീ ടിഡ്കെ പറഞ്ഞു.
ബിഎംഒ പറഞ്ഞിട്ടാണ് സ്രവമെടുത്തതെന്നു ഹൽകി റാം പറഞ്ഞതിനു പിന്നാലെയായിരുന്നു രാജ്യശ്രീയുടെ പ്രതികരണം. വിവാദങ്ങൾക്കിടെ ചൊവ്വാഴ്ചയും ഹൽകി സ്രവമെടുക്കൽ തുടർന്നു.
ഇതിനിടെ, ദാമോഹ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇന്നലെ മന്ത്രി പ്രഭുറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ, ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ചു പ്രതികരിക്കാൻ മന്ത്രി തയാറായില്ല.