തിരുവനന്തപുരം:കടകളിലും പൊതു ഇടങ്ങളിലും പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്.
കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ- സ്വകാര്യ ഓഫീസുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിൻ എങ്കിലും എടുത്തവരാകണം.
അതും രണ്ടാഴ്ചയെങ്കിലും മുൻപ് ആദ്യ ഡോസ് എടുത്തവരാകണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനയിലൂടെ രോഗമില്ലെന്ന് സ്ഥിരീകരിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം, വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം ഇവിടം സന്ദർശിക്കാം.
കടകളിലെ ജീവനക്കാരുടെ വാക്സിനേഷൻ സംബന്ധിച്ച വിവരം, എത്രപേർക്കു പ്രവേശനമുണ്ട് തുടങ്ങിയ കാര്യങ്ങൾ പ്രദർശിപ്പിക്കണം.
കടകളിൽ ആളകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിയിരിക്കും പ്രവേശനം.
സന്പൂർണ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം. ഓഗസ്റ്റ് 15, 22 എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ ഒഴിവാക്കി. ആരാധനാലയങ്ങളിൽ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 40 പേർക്കുവരെ ഒരേസമയം പ്രവേശനാനുമതി നൽകും.
ആരാധനാലയങ്ങളിലും ഒരാൾക്ക് 25 ചതുരശ്ര അടിസ്ഥലം എന്ന മാനദണ്ഡത്തിലാകണം സ്ഥലം ക്രമീകരിക്കേണ്ടത്.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർക്കുവരെ പങ്കെടുക്കാമെന്ന നിബന്ധനയിൽ മാറ്റമില്ല. ഇളവുകൾ ഇന്നു പ്രാബല്യത്തിൽ വരും.
വാക്സിനേഷൻ, കോവിഡ് പരിശോധന, മരുന്നുവാങ്ങൽ, ചികിത്സാ ആവശ്യങ്ങൾ, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, പരീക്ഷകൾ, ദീർഘദൂരയാത്രകൾക്കായി ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവയ്ക്കായി ജനങ്ങൾക്കുപുറത്തിറങ്ങാനും അനുമതി ലഭിക്കും.
ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തും.
ബുധനാഴ്ചകളിൽ ഇത്തരം പ്രദേശങ്ങളുടെ പട്ടിക ജില്ലാ ദുരന്തനിവാരണ അഥോറിറ്റി കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
മറ്റുസ്ഥലങ്ങളിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ കടകൾ തുറക്കാൻ അനുമതി നൽകും. ഹോട്ടലുകൾക്ക് രാത്രി 9.30 വരെ ഓണ്‍ലൈൻ ഡെലിവറി നടത്താം.
ചന്തകൾ, ബാങ്ക്, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കും തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ തുറക്കാം. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ എന്നിവ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് സർക്കാർ, സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾ അനുവദിക്കും. മത്സര പരീക്ഷകൾ, റിക്രൂട്ട്മെന്റ്, സർവകലാശാല പരീക്ഷകൾ, കായിക മത്സരങ്ങൾ എന്നിവയും അനുവദിക്കും. മാളുകൾ ഓണ്‍ലൈൻ ഡെലിവറിക്കായി തുറക്കാം. സുരക്ഷിത മേഖലകളിൽ റിസോർട്ടുകൾക്കും താമസസൗകര്യത്തിനുള്ള ഹോട്ടലുകൾക്കും എല്ലാ ദിവസവും തുറക്കാം.
ഉത്സവകാലമായതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ പരിശോധന നടത്തുമെന്നും അവർ നിയമസഭയെ അറിയിച്ചു.
ഓണ്‍ലൈൻ ക്ലാസുകൾക്കു വിദ്യാലയങ്ങൾ തുറക്കാം
തിരുവനന്തപുരം: ഓണ്‍ലൈൻ ക്ലാസുകൾ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുറക്കാം. എന്നാൽ, നേരിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്കൂളുകൾ, കോളജുകൾ, ട്യൂഷൻ സെന്ററുകൾ, സിനിമാ തിയറ്ററുകൾ എന്നിവ തുറക്കാനാകില്ല.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ല. തുറസായ സ്ഥലങ്ങളിലും വാഹനങ്ങളിലും പാർക്കിംഗ് സ്ഥലങ്ങളിലും ആറടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം.
രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക കൂട്ടായ്മകൾ തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾക്ക് അനുമതിയില്ല.