കോട്ടയം: ലോക്ക്ഡൗണ് ഫലം കണ്ടതിന്റെ സൂചനകൾ പുറത്തുവന്നു. കോവിഡ് ബാധിതരുടെ ദിവസ വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രണ്ടാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തി.
എന്നാൽ കോവിഡാനന്തര രോഗത്തെത്തുടർന്നു മരണനിരക്ക് ഉയരുകയാണ്. സർക്കാർ കണക്കിൽ മരണം 371 രേഖപ്പെടുത്തിയെങ്കിലും അനൗദ്യോഗികം 500നു മുകളിലാണ്. ഒന്നര മാസത്തിനുള്ളിൽ മരണം 100 പിന്നിട്ടു.
1.75 ലക്ഷം പേർക്ക് 14 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത്. 100 പേർക്ക് കോവിഡ് ബാധിക്കുന്പോൾ ജില്ലയിൽ നിലവിലെ മരണനിരക്ക് 35 ശതമാനം.
അനൗദ്യോഗിക കണക്കിൽ മരണം 500നു മുകളിലാണെന്നാണ് സൂചന. കോവിഡ് നെഗറ്റീവായശേഷം മരണം സംഭവിച്ചവരുടെ കൃത്യമായ എണ്ണം സർക്കാർ രേഖകളിലുമില്ല.
കോവിഡ് നെഗറ്റീവായശേഷം തുടർ ചികിത്സയിലോ, ഹൃദയസ്തംഭനം പോലെ പെട്ടന്നോ സംഭവിക്കുന്ന മരണങ്ങൾ ലിസ്റ്റിൽ ഇടംപിടിക്കാറില്ല.
രോഗബാധികരുടെ ദിവസനിരക്ക് ഒരു മാസത്തിനുള്ളിൽ 1,500 എന്ന തോതിലേക്ക് താഴ്ന്നെങ്കിലും ഒരു മാസത്തിനുള്ളിലുണ്ടായ മരണനിരക്ക് ആശങ്ക ജനിപ്പിക്കുന്നു.ജില്ലയിൽ 100 മരണം സംഭവിച്ചത് ഏപ്രിൽ 15നു ശേഷമാണ്.
അതായത് ഒന്നര മാസത്തിനുള്ളിൽ. ഇതിൽ തന്നെ മരിച്ചവരുടെ ശരാശരി പ്രായം 35 -60 വയസാണ്. 50 വയസിൽ താഴെ പ്രായമുള്ള 40 പേർക്ക് ഒരു മാസത്തിനുള്ളിൽ മരണം സംഭവിച്ചു.
ഇന്നലെ രോഗനിരക്ക് 1,090ൽ എത്തിയെങ്കിലും നിലവിൽ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിലാണ്.
ഒരാഴ്ചയായി പരിശോധനയുടെ എണ്ണത്തിൽ വലിയ കുറവു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്.
കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷവും കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, കോട്ടയം, പാറത്തോട്, എലിക്കുളം എന്നിവിടങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയർന്ന നിരക്കിലാണ്.