സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികൾ ഒരു ലക്ഷം കടന്നു.
ഇന്നലെ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്.
പുതിയ കേസുകളുടെ 84.21 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്. 59,000-ത്തില ധികം പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഡിൽ പതിനായിരത്തിലേറെ പേർക്കും കർണാടകയിൽ ആറായിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു.
ദേശീയ രോഗസ്ഥിരീകരണ നിരക്ക് 2.19 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്പതു ലക്ഷം കടന്നു.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 7.04 ശതമാനമാണിത്. ഇതിൽ 74.13 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, യു.പി, കേരളം സംസ്ഥാനങ്ങളിലായാണ്.
രോഗമുക്തിനിരക്ക് വീണ്ടും കുറഞ്ഞ് 91.67 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേരാണ് രോഗമുക്തരായത്. 685 പേർ കൂടി മരിച്ചു.
തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. ഏപ്രിൽ പത്തുമുതൽ പൊതു ആരാധനാലയങ്ങളിൽ പ്രവേശനം രാത്രി എട്ടുവരെ മാത്രമാക്കി.
മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഇ – പാസ് ഏർപ്പെടുത്തിയത് തുടരും. കണ്ടെയ്ൻമെന്റ് സോണുകളിൽ സന്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തി.
അതിനിടെ, രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ് വന്നേക്കുമെന്ന ഭീതിയിൽ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക് കൂടി.
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗണ് ഉണ്ടാകുമെന്ന ഭീതിയിലാണ് കുടിയേറ്റത്തൊഴിലാളികൾ.
ഇക്കുറി വിവിധയിടങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാനാണ് മുൻകരുതലിന്റെ ഭാഗമായി അവർ നേരത്തേ തന്നെ നാട്ടിലേക്കു പോകാൻ തയാറെടുക്കുന്നത്.
പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു.
കണ്ണൂരിലെ വീട്ടിലായിരുന്ന പിണറായി വിജയനെ ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കടുത്ത പനി ബാധിച്ച ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
തുടർന്ന് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. പിണറായിയുടെ മകൾ വീണയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലും ആശങ്ക
തിരുവനന്തപുരം: കോവിഡിൽ തെരഞ്ഞെടുപ്പ് ഇഫക്ട് കണ്ടു തുടങ്ങി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.
ഇന്നലെ 4,353 പേർക്കു രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരി 24 നു ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 4,000 നു മുകളിലെത്തുന്നത്.
ഒരു മാസത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു പ്രതിദിന കേസുകൾ മൂവായിരത്തിനു മുകളിലെത്തിയത്. രണ്ടു ദിവസത്തിനകം അതു നാലായിരത്തിനു മുകളിലെത്തിയത് രണ്ടാം തരംഗത്തിന്റെ വ്യക്തമായ സൂചനയാണ്.
വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചു കയറുമെന്ന ആശങ്കയും ഉയരുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തുടങ്ങി. ഇന്നലെ 63,901 സാന്പിളുകൾ പരിശോധിച്ചപ്പോൾ 6.81 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെ എത്തിയിരുന്നു. ഇത് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത് തീവ്രവ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ 2,205 പേർ രോഗമുക്തി നേടി. 18 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,728 ആയി. 25 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. നിലവിൽ 33,621 പേർ ചികിത്സയിലുണ്ട്. ഇതുവരെ കേരളത്തിൽ 11,48,947 പേർക്കാണ് രോഗം ബാധിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂർ 393, മലപ്പുറം 359, കണ്ണൂർ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസർഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125.
കോവിഡ് പ്രോട്ടോക്കോളിൽ മാറ്റമില്ല
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയുക തന്നെ വേണം.
നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽനിന്ന് മടങ്ങിപ്പോകുന്നവർ, ക്വാറന്റൈനിൽ കഴിയേണ്ടതില്ല.
എന്നാൽ, ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.