കാസര്‍ഗോഡ്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ നായകളെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കടിയേറ്റ് ആശുപത്രിയിലായ വെറ്ററിനറി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ എബിസി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനായി എത്തിച്ച 18 നായകളെ പ്രത്യേക കൂട്ടില്‍ നിരീക്ഷണത്തിലാക്കി.
കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ദിവസങ്ങള്‍ക്കകം മരണപ്പെട്ട സംഭവമുണ്ടായിരുന്നു.
കോവിഡ് രോഗബാധ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും പടരാമെന്നതിന്റെ ഉദാഹരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ് ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നായകളെ പുറത്തുവിടാതെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.
തിരുവോണത്തലേന്ന് നഗരത്തില്‍ അമ്പതോളം പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ സംഭവത്തെ തുടര്‍ന്നാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ പിടികൂടാനാരംഭിച്ചത്.
ഇവയെ തായലങ്ങാടിയിലുള്ള എബിസി കേന്ദ്രത്തില്‍ വച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയ ശേഷം നഗരകേന്ദ്രങ്ങളില്‍ നിന്നും ദൂരെയെവിടെയെങ്കിലും തുറന്നുവിടാനാണ് ഉദ്ദേശിച്ചിരുന്നത്.
ഇതിനായി ഏര്‍പ്പാട് ചെയ്ത നായപിടിത്തക്കാര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും പിടികൂടിയ ഒമ്പത് നായകളെ വാഹനത്തില്‍ നിന്നും കൂട്ടിലേക്ക് ഇറക്കുന്നതിനിടെയാണ് എബിസി കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കടിയേറ്റത്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയുടെ ഭാഗമായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് എബിസി കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടി.