തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ചടങ്ങുകൾ നടത്തുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കി.
വിവാഹം, പാല്കാച്ചൽ തുടങ്ങിയ ചടങ്ങുകൾ നടത്താൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
ഹാളിനുള്ളിൽ നടത്തുന്ന ചടങ്ങുകളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 150 പേർക്കും പങ്കെടുക്കാം.
കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്. ചടങ്ങുകളിൽ ഒരു കാരണവശാലും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് പരിശോധനയും കൂടുതൽ കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പോലീസും കർശന നിർദേശം നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഏറ്റവും മുകളിൽ കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്പോൾ കാണുന്ന Visitor’s etnry ഓപ്ഷനിൽ നിന്നും Domestic etnry തെരഞ്ഞെടുക്കണം. ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new regitsration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നന്പർ നൽകി വേരിഫൈ ചെയ്യണം.
നോർക്ക രജിസ്ട്രേഷൻ ഇല്ലാതെ റോഡ് മാർഗം കേരളത്തിലേക്കു വരുന്നവരും രജിസ്റ്റർ ചെയ്യണം. ഇതിനായി new regitsration എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
സ്ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുന്പോൾ അൽപസമയത്തിനകം നൽകിയ മൊബൈൽ നന്പറിലേക്ക് ഒടിപി നന്പർ വരും.
ഒടിപി എന്റർ ചെയ്ത ശേഷം വേരിഫൈ ചെയ്യുക. വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തീയതി, ഐഡി നന്പർ ഉൾപ്പടെ ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാവും.
രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നന്പറിലേക്ക് രജിസട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി എത്തും. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസിന്റെ പിഡിഎഫ് ഫോം ഡൗണ്ലോഡ് ചെയ്തെടുക്കാവുന്നതാണ്.
യാത്രക്കാർക്ക് കേരളത്തിലേക്ക് വരുന്പോൾ ചെക്പോസ്റ്റിൽ ഈ യാത്രാ പാസ് കാണിച്ച് യാത്ര ചെയ്യാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.