കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തെ ക്വാറന്റൈനിലാക്കി കോവിഡ്. ജില്ലയിൽ മൂന്നു മൂന്നു സ്ഥാനാർഥികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അതീവ ജാഗ്രതയിൽ.
ഇതോടെ ജില്ലയിൽ ഏഴു സ്ഥാനാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
എരുമേലി, എലിക്കുളം, പുതുപ്പള്ളി, ചങ്ങനാശേരി, തലയോലപ്പറന്പ്, പാന്പാടി, മുണ്ടക്കയം, പാല എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. എരുമേലിയിൽ 200 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പാലാ നഗരസഭയിൽ യുഡിഎഫിന്റെ എല്ലാ പൊതുപ്രചാരണ പരിപാടികളും നിർത്തിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥികളും കുടുംബാംഗങ്ങളും 30 വരെ നിരീക്ഷണത്തിലാണ്.
സ്ഥാനാർഥികൾ ക്വാറന്റൈനിൽ പോകേണ്ടി വന്ന സാഹചര്യമാണു മാറിചിന്തിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളെ ഇപ്പോൾ പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണ് വിളിച്ചുമാണ് ഇപ്പോൾ വോട്ടു തേടൽ നടക്കുന്നത്.
30നു നടക്കുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവായാൽ മാത്രമാണ് നേരിട്ടുള്ള പ്രചാരണത്തിന് ഇറങ്ങാന് ഇപ്പോൾ സ്ഥാനാർഥികൾക്ക് കഴിയൂ.
കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണമെന്ന കർശന നിർദേശത്തിലാണ് ആരോഗ്യ വിഭാഗം. സ്ഥാനാർഥി ഉൾപ്പടെ അഞ്ചു പേരെ വരെയാണു പ്രചാരണത്തിന് അനുവദിച്ചിരിക്കുന്നത്.
അതിൽക്കൂടാതിരിക്കാൻ ശ്രദ്ധിക്കണം. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ പ്രചാരണത്തിനു പോകരുത്. കഴിയുന്നതും ഒരേ ടീം തന്നെ സ്ഥാനാർഥികൾക്കൊപ്പം വീടു കയറാൻ പോകണം.
വീടു കയറുന്പോൾ അനുവാദം കൂടാതെ അകത്തു പ്രവേശിക്കരുത്. സന്പർക്കം പൂർണമായി ഒഴിവാക്കണം. കുറഞ്ഞത് അഞ്ചു വീടിന്റെ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിക്കണം.
പ്രചാരണത്തിനിടെ പൊതുസ്ഥലങ്ങളിൽനിന്നു ഭക്ഷണവും വെള്ളവും കഴിക്കുന്നതു ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളിൽ മുന്നണികൾക്കു നൽകിക്കഴിഞ്ഞു.
സ്ഥാനാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പോസ്റ്ററിനായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്പോൾ മാത്രം മാസ്ക് ഉൗരാവൂഎന്നാണു മുന്നണി നേതൃത്വത്തിന്റെ നിർദേശം.
തത്കാലത്തേക്കു സ്ഥാനാർഥി സംഗമവും ഒഴിവാക്കാനാണു മുന്നണി നേതൃത്വങ്ങളുടെ ഏകദേശ ധാരണ. ലഘുലേഖകൽ, നോട്ടീസ് എന്നിവയുടെ വിതരണവും പലയിടത്തും നിർത്തിവെച്ചിരിക്കുകയാണ്.