ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി പ്രവാസി വ്യവസായി രവി പിള്ള 725 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു.
മരതകപ്പച്ചയും കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മുകൾഭാഗത്തു സ്വർണത്തിൽ മയിൽപ്പീലിയും കൊത്തിയതാണ് മനോഹരമായ കിരീടം.
ഏഴ് ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് ചുറ്റളവുമുണ്ട്. നക്ഷി ഡിസൈനിൽ കൈകൊണ്ട് നിർമിച്ചതാണിത്.
വിവിധ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്കു കിരീടവും ആഭരണങ്ങളും നിർമിക്കുന്ന പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് നിർമിച്ചത്. ഇന്നലെ രാവിലെ പന്തീരടിപൂജയ്ക്കു ശേഷമായിരുന്നു സമർപ്പണം.
രവി പിള്ള, ഭാര്യ ഗീത പിള്ള, ഇന്നു വിവാഹിതനാകുന്ന മകൻ ഗണേഷ് എന്നിവർ ചേർന്നു കിരീടം സോപാനപ്പടിയിൽ സമർപ്പിച്ചു.
മേൽശാന്തി ശങ്കരനാരായണ പ്രമോദ് കിരീടം ഗുരുവായൂരപ്പനു ചാർത്തി.
രാവിലെ ക്ഷേത്രത്തിലെത്തിയ രവി പിള്ളയെയും കുടുംബത്തെയും ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് എന്നിവർ ചേർന്നു സ്വീകരിച്ചു. ഇന്നു ഗുരുവായൂർ ക്ഷേത്രസന്നിധിയിലാണ് രവി പിള്ളയുടെ മകൻ ഗണേഷിന്റെ വിവാഹം.