കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന പരിശോധനകളുമായി ജില്ലാ ഭരണകൂടം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ആളുകളുടെ സമ്പര്‍ക്കപശ്ചാത്തലം മനസിലാക്കി പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍ആര്‍.ടി അംഗങ്ങള്‍, ഹെല്‍ത്ത് വളണ്ടിയേഴ്സ് എന്നിവരുടെ വിശ്രമരഹിതമായ കൂട്ടായ പ്രവര്‍ത്തനമാണ് കോവിഡ് പരിശോധനയില്‍ നടക്കുന്നത്.
രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ സമ്പര്‍ക്ക മേഖലകളില്‍ കാലതാമസം വരുത്താതെ പരിശോധന നടത്തുന്നുണ്ട് .
പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ഉടന്‍ തന്നെ കണ്ടെയ്ന്മെന്റ് സോണുകളും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളും അതാത് തദ്ദേശസ്ഥാപനങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലുടെ നിര്‍ദ്ദേശിക്കും.
കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും നിര്‍ദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പൊതു സമൂഹം വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടുന്നതിന് സാഹചര്യമൊരുക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മരണ സംഖ്യ കൂടാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അഞ്ചുലക്ഷം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് .
ഒക്ടോബര്‍ 18 വരെ 503184 കോവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. 25 ദിവസംകൊണ്ട് രണ്ട് ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കി.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ 242954 ആന്റിജന്‍ പരിശോധനകളും 18386 ട്രൂനാറ്റ് പരിശോധനകളും 104286 ആര്‍ടിപിസിആര്‍ പരിശോധനകളും നടത്തി.
കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 136570 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമാണ്.
ക്ലസ്റ്ററുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍, മത്സ്യമാര്‍ക്കറ്റ്, ഹാര്‍ബറുകള്‍, പാളയം, തീരദേശ മേഖലയിലെ വാര്‍ഡുകള്‍, പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് കൂടുതല്‍ പരിശോധന നടത്തി വരുന്നത്. ഇന്നലെ 7331 സ്രവസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.
ഇതുവരേ അയച്ചതില്‍ 5,02,370 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,66,023 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 814 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. 37323 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരേ കോവിഡ് സ്ഥിരീകരിച്ചത്. 110 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.