കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പിതാവ് സനു മോഹൻ.
എന്നാൽ ഇൗ മൊഴി മുഴുവനായും വിശ്വസിക്കാൻ പോലീസ് തയാറായിട്ടില്ല. ഇന്ന് ഭാര്യ രമ്യയ്ക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യും.
കഴിഞ്ഞ നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടുംനടന്നില്ല. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല.
ജീവിതത്തിൽ വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. കൊച്ചി തേവയ്ക്കലിലെ പ്രമുഖ സ്കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്.
അവൾക്കേറെ ഇഷ്ടമായിരുന്നു അവിടെ പഠിക്കാൻ. എന്നാൽ ഉയര്‍ന്ന ഫീസ് അവസാന ഘട്ടമെത്തിയപ്പോൾ താങ്ങാനാവുമായിരുന്നില്ല.
മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫ്ളാറ്റ് വാങ്ങി താമസിച്ചതും.
കടം കയറിയതോടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടി. സ്കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. താൻ കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു.
ഏകദേശം ശരിയായി വന്നതാണ്. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും തകര്‍ന്നു. സ്കൂള്‍ തുറക്കുന്നതോടെ പഠനചെലവ് വീണ്ടും അലട്ടി.
കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ വച്ചു മകളെ കൊന്നശേഷം ശരീരം പൊതിഞ്ഞുകൊണ്ടുപോയ പുതപ്പ് കോയമ്പത്തൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെടുത്തു.
ഇത് എന്തിനാണ് അവിടെവരെ കൊണ്ടുപോയതെന്ന കാര്യത്തിൽ സനു ഒന്നും വിട്ടു പറഞ്ഞില്ല.
ഒളിവുജീവിതത്തിനിടെ പണമെല്ലാം പോക്കറ്റടിച്ചുപോയി. ഒരു ബൈക്ക് യാത്രക്കാരന് ലിഫ്റ്റ് നല്കി. പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ 60 രൂപ എടുത്തു നല്‍കിയെന്നും സനു മൊഴി നല്‍കിയിരുന്നു.