ചെറുതോണി: ഭർത്താവ് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജനപ്രതിനിധിയായ ഭാര്യ പൊതുയോഗങ്ങളിൽ പങ്കെടുത്തതിനെതുടർന്ന് യോഗങ്ങളിൽ പങ്കെടുത്ത മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ.
ചെറുതോണിയിലെ ജനപ്രതിനിധിയാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു ജനപ്രതിനിധികളെയും പൊതുജനത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ജനപ്രതിനിധിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മണിയാറൻകുടിയിൽ പകൽവീട് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും എംഎൽഎയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും വയോധികരുൾപ്പെടെയുള്ള നിരവധി നാട്ടുകാരും നിരീക്ഷണത്തിലായിരിക്കയാണ്.
നിരീക്ഷണത്തിലിരിക്കുന്ന ചിലർക്ക് പനി, ജലദോഷം തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളതായി പറയുന്നു. നിരീക്ഷണത്തിലിരിക്കുന്നവരുടെ കോവിഡ് പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടത്തും. ഇതിനുശേഷം മാത്രമേ ജനപ്രതിനിധിയിൽനിന്നും ആർക്കെല്ലാം രോഗം പകർന്നുവെന്ന് വ്യക്തമാകുകയുള്ളൂ.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഞ്ചു മെന്പർമാർ എന്നിവരും വീടുകളിൽ നിരീക്ഷണത്തിലായിട്ടുണ്ട്. മന്ത്രി ഗസ്റ്റ് ഹൗസിലും എംഎൽഎ ക്വാർട്ടേഴ്സിലും പ്രമുഖരായ ചില നേതാക്കൾ മറ്റുചില സെന്ററുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
ചെറുതോണിയിലും മണിയാറൻകുടിയിലും പൊതുയോഗങ്ങളിൽ പങ്കെടുത്ത മുഴുവൻപേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ചെറുതോണിയിലെ ഒരു പൊതുപ്രവർത്തകൻ കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അധിക്ഷേപം കേൾക്കേണ്ടിവന്നതിനു പിന്നാലെയാണ് വീട്ടിൽ കോവിഡ് ബാധിതനുണ്ടെന്നറിഞ്ഞിട്ടും പഞ്ചായത്തംഗം പൊതുയോഗങ്ങളിൽ പങ്കെടുത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.