അഹമ്മദാബാദ്: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കു പിഴത്തുകയ്ക്കു പുറമേ കോവിഡ് സെന്ററുകളിൽ സാമൂഹ്യസേവനംകൂടി നിർബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശം.
ചികിത്സേതര വിഭാഗത്തിലായിരിക്കണം ഇവരെ നിയോഗിക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് വിക്രം നാഥും ജസ്റ്റീസ് ജെ.ബി. പർഡിവാലയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
പ്രതിദിനം നാലു മണിക്കൂർ മുതൽ ആറു മണിക്കൂർ സമൂഹ്യസേവനത്തിനായി ഇത്തരക്കാരെ ഉപയോഗിക്കാം.
അഞ്ചു മുതൽ 15 ദിവസം വരെ അധികൃതർക്ക് യുക്തമെന്നു തോന്നുന്ന കാലയളവിൽ സേവനം തേടാം. ഇക്കാര്യം മാധ്യമങ്ങളിൽ വിശദമായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
മാസ്ക് ധരിക്കുന്നതിലെ വീഴ്ച സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നതിനൊപ്പം സമൂഹത്തെയും അപകടത്തിലേക്കു നയിക്കുകയാണെന്നു കോടതി വിലയിരുത്തി.
ആളകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. മാസ്കുകൾ കോവിഡ് പ്രതിരോധ വാക്സിൻ പോലെ പ്രവർത്തിക്കുന്നുവെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
മാസ്ക് ഉപയോഗിക്കാൻ വിസമ്മതിക്കുന്നവരെ സാമൂഹ്യസേവനത്തിന് നിയോഗിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണു കോടതിയുടെ നിർദേശം.