ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്താകമാനം അതിവേഗം പടരുന്നു. 124 മേഖലകളിൽ പടർന്നു കഴിഞ്ഞതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.
വരും മാസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധയുണ്ടാകുക ഈ വകഭേദം കാരണമായിരിക്കുമെന്നാണ് വിലയിരുത്തൽ.യൂറോപ്പിലും പശ്ചിമ പസഫിക് മേഖലയിലുമാണ് ഡെൽറ്റ വകഭേദം ഇപ്പോൾ കൂടുതലായി പടർന്നിട്ടുള്ളത്.
അതേസമയം, ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയാൻ ഉൗർജിത ശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോളും (ഇസിഡിസി).
ആവശ്യപ്പെട്ടു. യൂറോപ്യൻ മേഖലയിൽ കോവിഡിന്റെ ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആഹ്വാനം.
ജൂണ് 12 മുതൽ ജൂലൈ 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പിലെന്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ഇസിഡിസിയും വ്യക്തമാക്കി.
പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മോഡേണ വാക്സിൻ ഉപയോഗം യൂറോപ്യൻ മെഡിസിൻസ് ഏജൻസി ശിപാർശ ചെയ്തു.
പതിനെട്ട് വയസിന് താഴെ പ്രായമുള്ളവർക്ക് ആദ്യമായാണ് മോഡേണ കോവിഡ് വാക്സിൻ അംഗീകരിക്കുന്നത്. നൂറ് മില്യണിൽ പരം ഡോസ് മോഡേണ വാക്സിൻ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
വാക്സിൻ കൗമാരക്കാരിലും രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്നാണ് കന്പനി അവകാശപ്പെടുന്നത്.
എന്നാൽ മോഡേണ, ഫൈസർ വാക്സിനെടുത്ത കുട്ടികളിൽ അപൂർവുമായി നെഞ്ചുവേദനയും ഹൃദയവീക്കവും ഉണ്ടായതായി യൂറോപ്യൻ അമേരിക്കൻ റെഗുലേറ്റർമാർ ചൂണ്ടികാട്ടുന്നു.
ഇരു വാക്സിനുകളും ആറ് വയസ് മുതൽ പതിനൊന്ന് വയസ് വരെയുള്ള കുട്ടികളിൽ വാക്സിൻ ടെസ്ററിംഗ് ആരംഭിച്ചിട്ടുണ്ട്.
ഈ വിഭാഗത്തിന് ചെറിയ ഡോസുകളാണ് ഉപയോഗിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ പലയിടത്തും രണ്ട് ശതമാനമാനത്തിൽ താഴെയാണ് വാക്സിനേഷൻ നിരക്ക്.
ഓരോ രാജ്യത്തെയും അപകടസാധ്യത കുറഞ്ഞ ജനവിഭാഗങ്ങൾക്ക് നൽകുന്നതിന് മുന്പ് ഇത്തരം രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാൻ ലോകാരോഗ്യ സംഘടന സന്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഹെൽത്ത് പാസ്, നിർബന്ധിത വാക്സിനേഷൻ എന്നിവയ്ക്കെല്ലാമെതിരേ ജനരോഷമുയരുന്നു.
ഹെൽത്ത് പാസിനെതിരേയാണ് ഫ്രാൻസിൽ പ്രധാനമായും പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇറ്റലിയിൽ പൊതുജീവിതം സാധാരണനിലയിലാകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് എതിർപ്പിനു കാരണം.
ഗ്രീസിൽ നിർബന്ധിത വാക്സിനേഷനെതിരേ നാലായിരത്തോളം പേർ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജർമനിയിലും സമാന പ്രക്ഷോഭം അരങ്ങേറി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ