പത്തനംതിട്ട: ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക അടുക്കളകള്‍ ഇന്നോടെ പൂര്‍ണസജ്ജമാകും. ഇന്നലെ 35 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് സാമൂഹിക അടുക്കള സജ്ജമാക്കിയത്. എംഎല്‍എമാരുള്‍പ്പെടെ ഇന്നലെ അടുക്കളകള്‍ സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കി.
പഞ്ചായത്തിലെ നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നു ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്.
മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ വോളണ്ടിയര്‍ ടീം രൂപീകരിക്കും. വോളണ്ടിയര്‍ ടീം വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ ചാര്‍ജ് നല്‍കണം.
ഇത്തരത്തില്‍ ഭക്ഷണം വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കുകയും വേണം. സാമൂഹിക അടുക്കളയില്‍ നിന്ന് എല്ലാവര്ക്കും ഭക്ഷണം സൗജന്യമായി ലഭിക്കുമെന്ന തെറ്റിധാരണയില്‍ നിരവധിപേര്‍ സമീപിക്കുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര് പറഞ്ഞു.
ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ആവശ്യമനുസരിച്ച് ഒന്നോ അതില്‍ അധികമോ സാമൂഹിക അടുക്കള തുടങ്ങാം. സാമൂഹിക അടുക്കളയില്‍ പാചകത്തിന് ഗ്യാസ് സിലിണ്ടര്‍ വേണമെന്ന ആവശ്യത്തിന്മേല് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.