ബംഗളൂരു: സെപ്റ്റംബറിൽ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഭീമമായ വർധനവുണ്ടാകുമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി.
ഈ ആഴ്ച ഇന്ത്യയിൽ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലും മരണമടഞ്ഞവരുടെ എണ്ണം 25,000 ഉം പിന്നിട്ടതോടെ അസുഖം പരത്തുന്ന സൂക്ഷ്മാണുക്കൾ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി വിഭാഗം മുൻ തലവനാണ് ശ്രീകാന്ത് റെഡ്ഡി. ഇന്ത്യയിലും വിദേശത്തുമായി ആരോഗ്യമേഖലയിലെ പല ഗവേഷണ സംഘങ്ങൾക്കുമൊപ്പം പങ്കെടുത്ത വ്യക്തിയാണ്.
മേയ് മൂന്നിനു ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെയാണ് ഇന്ത്യയിൽ രോഗം ഇത്ര വേഗം പടർന്നുതുടങ്ങിയത്. ഇതിനുശേഷം പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ടതായ മുൻകരുതലിലും മറ്റും സൂക്ഷ്മതക്കുറവുണ്ടായെന്നും റെഡ്ഡി പറഞ്ഞു.