തിരുവനന്തപുരം: സന്പർക്കവ്യാപനം മൂലമുള്ള രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനു കൂടുതൽ അധികാരങ്ങൾ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തി മാർക്ക് ചെയ്യുന്നതിനും ക്വാറന്റൈൻ ലംഘനം കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും പോലീസിനെ ചുമതലപ്പെടുത്തി. സന്പർക്കപ്പട്ടിക തയാറാക്കുന്നതും ഇനി മുതൽ പോലീസ് ആയിരിക്കും.
ജില്ലാ പോലീസ് മേധാവിമാർ ഇക്കാര്യത്തിൽ കളക്ടർമാർക്ക് ആവശ്യമായ സഹായം നൽകും. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുക, ആളകലം പാലിക്കാതിരിക്കുക, സന്പർക്കവിലക്ക് ലംഘിക്കുക തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം പോലീസിനു നൽകി. പുറത്തിറങ്ങിയാൽ കടുത്ത നടപടിയുണ്ടാകും.
ആളുകളുടെ പ്രൈമറി, സെക്കൻഡറി സന്പർക്കം കണ്ടെത്തുന്നതിനും അങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കോ ക്വാറന്റൈൻ സെന്ററിലേക്കോ മാറ്റുന്നതിനും പോലീസ് നേരിട്ട് ഇടപെടും. സന്പർക്കപ്പട്ടിക തയാ റാക്കുന്നതിനു പോലീസിന്റെ സേവനം പൂർണതോതിൽ വിനിയോഗിക്കും.
ഇതിനായി ഓരോ പോലീസ് സ്റ്റേഷനിലും എസ്ഐയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സന്പർക്കപ്പട്ടിക ഹെൽത്ത് ഇൻസ്പെക്ടർമാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ചാണ് ആ ചുമതല പോലീസിന് നൽകുന്നത്. 24 മണിക്കൂറിനകം പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തും.
ആശുപത്രികൾ, പച്ചക്കറി മത്സ്യ മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തും. ഇക്കാര്യത്തിൽ സംസ്ഥാനതല പോലീസ് നോഡൽ ഓഫീസറായി എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയെ നിയോഗിച്ചു.