ഗോമൂത്രത്തില്‍ സ്വര്‍ണം കണ്ടെത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ പശുക്കളുടെ മഹത്വം ഉയര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. ഗോമൂത്ര വില്പന കഴിഞ്ഞ ആറു മാസത്തിനിടെ പതിന്മടങ്ങ് വര്‍ധിച്ചതായി ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, സ്വര്‍ണം വേര്തിരിച്ചെടുക്കാനല്ല ആളുകള്‍ ഗോമൂത്രം വാങ്ങിക്കൂട്ടുന്നത്. മറിച്ച് വിവിധ അസുഖങ്ങള്‍ക്കുള്ള ഔഷധമെന്ന നിലയിലാണ് ഗോമൂത്രം വിറ്റുപോകുന്നത്.
ഗോമൂത്രത്തിന്റെ ഡിമാന്‍ഡ് കൂടാനുള്ള കാരണങ്ങളിലൊന്ന് യോഗാഗുരു ബാബ രാംദേവാണ്. അദ്ദേഹത്തിന്റെ കമ്പനിയായ പതാഞ്ജലി ആയുര്‍വേദിക്കിന്റെ ഉത്പന്നങ്ങളില്‍ പലതിലും ഉപയോഗിക്കുന്നത് പശുവിന്റെയും മറ്റും മൂത്രമാണ്. തറ കഴുകാനുപയോഗിക്കുന്ന ഫ്ളോര്‍ ക്ലീനറിലെ പ്രധാന വസ്തു തന്നെ ഗോമൂത്രമാണ്.
ദിനംപ്രതി 20 ടണ്‍ ഗൗന്ലി (ഗോമൂത്രം ഉപയോഗിച്ചുള്ള ക്ലീനര്‍) ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് ഗോമൂത്രം ലഭിക്കാത്തതിനാല്‍ ആവശ്യമായ തോതില്‍ ഉത്പാദനം നടക്കുന്നില്ല- പതാഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണന് പറയുന്നു. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഗോമൂത്ര വില്പന പുതിയ സാധ്യത തുറന്നുനല്കുമോ എന്നു കണ്ടറിയണം.