ചാത്തന്നൂർ: കോവിഡ് ബാധയെ തുടർന്ന് വീട്ടുകാർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ ഏഴു മാസം ഗർഭിണിയായ പശു കുഴഞ്ഞു വീണു. ഒരു ദിവസം എഴുന്നേല്‍ക്കാനാകാതെ കിടന്ന പശുവിനെ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പി പി ഇ കിറ്റ് ധരിച്ചെത്തി ചികിത്സിച്ച് രക്ഷപ്പെടുത്തി.
കല്ലുവാതുക്കൽ പഞ്ചായത്ത് വരിഞ്ഞത്ത് ഷാജി ഭവനിൽ സണ്ണി പാപ്പച്ചന്റെ പശുവിനെയാണ് കല്ലുവാതുക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ.ശ്യാം സുന്ദർ, വേള മാനൂർ വെറ്ററിനറി സബ്ബ് സെന്ററിലെ അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ സുഭാഷ് എന്നിവർ രക്ഷപ്പെടുത്തിയത്.
കാരംകോട് സഹകരണ സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ സണ്ണി പാപ്പച്ചൻ മികച്ച ക്ഷീര കർഷകൻ കൂടിയാണ്. ഭാര്യ ജയ സണ്ണി ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. കോ വിഡ് രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് കുടുംബം ഒന്നോടെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് കിടന്ന ഗർഭിണി പശു പിറ്റേ ദിവസവും എഴുന്നേല്ക്കാനാകെ കിടക്കുകയായിരുന്നു. എഴുന്നേല്‍ക്കാനാകാതെ കൈകാലിട്ടടിച്ച് വെപ്രാളം കാട്ടിയ പശുവിന്റെ ഒരു കൊമ്പും ഒടിഞ്ഞു.ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ജനപ്രതിനിധികളെയും ക്ഷീര സംഘം ഭാരവാഹികളെയും അറിയിച്ചു.
അവർ മൃഗാശുപത്രിയിലും.ക്വാറന്റൈനിൽ കഴിയുന്ന കുടുംബത്തിന്റെ വീട്ടിൽ മറ്റാർക്കും കയറുവാനും കഴിയില്ല. ഡോ. ശ്യാം സുന്ദർ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ട് പി പി ഇ കിറ്റുകൾ എസ്പിസിയുടെ സഹായത്തോടെ കല്ലുവാതുക്കലിൽ എത്തിച്ചു.
ഡോ.ശ്യാം സുന്ദറും സുഭാഷും ഇത് ധരിച് ആവശ്യമായ മരുന്നുകളുമായി വീട്ടിലെത്തി.പശുവിനെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ കുത്തിവച്ചു. ഒടിഞ്ഞു പോയ കൊമ്പിലും മരുന്ന് വച്ച് ഡ്രസ്സ് ചെയ്തു.മണിക്കൂറുകൾക്കകം പശു സ്വയം എഴുന്നേറ്റ ശേഷമാണ് വെറ്ററിനറി ഉദ്യോഗസ്ഥർ തിരികെ പോയത്.