പയ്യന്നൂർ(കണ്ണൂർ): പാലക്കോട് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ ഭീതിയുണർത്തുന്നു. രാപ്പകൽ ഭേദമില്ലാതെയുള്ള ഇവയുടെ സഞ്ചാരം വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
കരമുട്ടം മുതൽ കക്കന്പാറ കയറ്റംവരെയാണ് നാൽക്കാലികളുടെ അഴിഞ്ഞാട്ടം.രാവിലെയും രാത്രിയുമാണ് നാൽകാലികൾ റോഡിലൂടെ അലഞ്ഞു തിരിയുന്നത്.
കുറെനാൾ മുന്പ് ഗ്രാമസഭകളിൽ ചർച്ചവന്നതിനെ തുടർന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നതാണ്. നാൽക്കാലികളുടെ ഉടമകൾക്ക് പഞ്ചായത്ത് വിവരം നൽകിയിരുന്നു.
എന്നാൽ, ഉടമകൾ ഇതൊന്നും ഗൗനിക്കാത്തതിന്റെ ഫലമാണ് ഇന്ന് റോഡിലേക്കുള്ള നാൽക്കാലികളുടെ കടന്നുകയറ്റം. അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടിച്ചുകെട്ടുകയോ ഉടമകൾക്കെതിരെ നടപടികളെടുക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.