അയ്മനം: ഒരു മാസം മുന്പ് റോഡിൽ ബന്ധിച്ചിരുന്ന പശുവിന്റെ കയറിലുടക്കിയുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞിട്ടും വീണ്ടും നിഷേധപൂർവമായ സമീപനം.
ദിവസങ്ങൾക്കുള്ളിൽ നാൽക്കാലികളെ റോഡിൽ കെട്ടിയിടാൻ തുടങ്ങി. കല്ലുമട – കുമ്മനം എംഎൽഎ റോഡിലാണ് വീണ്ടും പശുക്കളെ മേയ്ക്കാൻ വിട്ടിരിക്കുന്നത്.
ഓഗസ്റ്റ് 30ന് ഐക്കരശാലി- കല്ലുങ്കത്ര റോഡിൽ എസ്എൻഡിപി ശ്മശാനത്തിനു സമീപം പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞിരുന്നു.
റോഡുകളിൽ അപകടകരമാവിധം കന്നുകാലികളെ കെട്ടുന്നതിനും അഴിച്ചുവിടുന്നതിനുമെതിരെ വല്യാട് ഡ്രീം ക്യാച്ചെഴ്സ് ക്ലബ്ബും നാട്ടുകാരും ചേർന്ന് പഞ്ചായത്തിൽ പരാതിയും നൽകിയിരുന്നു.
അതിനുശേഷം ഏതാനും ദിവസങ്ങൾ പശുവിനെ റോഡിൽ കെട്ടിയിരുന്നില്ല. ഇപ്പോൾ വീണ്ടും തുടരുകയാണ്. ഒരുജീവൻ പൊലിഞ്ഞിട്ടും പല അപകടങ്ങൾ നടന്നിട്ടും നാട്ടുകാരുടെ മനോഭാവത്തിന് മാറ്റമുണ്ടായില്ല.