200 വർഷങ്ങൾക്കു ശേഷം ഭൂമിയിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി കന്നുകാലി ആയിരിക്കുമെന്ന് പഠനറിപ്പോർട്ട്. ന്യൂമെക്സിക്കോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയാറാക്കിയത്.
വലുപ്പമുള്ള സസ്തനികൾക്ക് വേഗം വംശനാശം സംഭവിക്കുന്ന പ്രവണതയാണുള്ളതെന്നും ആന, ജിറാഫ്, കാണ്ടാമൃഗം തുടങ്ങിയ വലിയ സസ്തനികൾ 200 വർഷങ്ങൾക്കുശേഷം ഭൂമിയിൽ കാണില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
1.25 ലക്ഷം വർഷത്തെ ജൈവവൈവിധ്യ ചരിത്രം ആധാരമാക്കിയാണ് ഗവേഷകർ ഇക്കാര്യം സമർഥിച്ചത്. മാമത്ത്, ലാമ, സ്ലോത്ത് തുടങ്ങിയ വലിയ സസ്തനികളെല്ലാംതന്നെ ഭൂമിയിൽനിന്ന് അതിവേഗം അപ്രത്യക്ഷരായവരാണ്. ഇപ്പോഴുള്ള വലിയ സസ്തനികൾക്കും ഈ ഗതിവരും. വലിയ സസ്തനികളുടെ വംശനാശഭീഷണി ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസീദ്ധികരിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഭൂമിയിൽ അവശേഷിച്ചിരുന്ന ഏക ആണ് വെള്ളക്കാണ്ടാമൃഗം ചത്തത്.