കേളകം(കണ്ണൂര്‍): നഷ്ടം സഹിച്ചു പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തിയിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി നോട്ട് നിരോധനം. ക്ഷീരസംഘങ്ങളില്‍നിന്നു കര്‍ഷകര്‍ക്കു കൃത്യമായി പണം ലഭിച്ചിട്ട് ഒരു മാസമായി. പാല് അളക്കുന്നതിന്റെ തുക മില്‍മയില്‍നിന്നു ക്ഷീരസംഘങ്ങളിലെത്തിച്ച് ആഴ്ചാവസാനം നല്‍കുകയായിരുന്നു രീതി. എന്നാല്‍, നോട്ട് നിരോധനം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ക്കു പാലിന്റെ വില നല്കാന് സംഘങ്ങള്‍ക്കു കഴിയുന്നില്ല. പകരം കര്‍ഷകര്‍ക്കു ചെക്കാണു നല്‍കുന്നത്. ഇതു ബാങ്കില്‍ നിക്ഷേപിക്കാനായി ഒരു ദിവസം മുഴുവന്‍ ക്യൂ നില്‍ക്കണം. അക്കൗണ്ടില്‍ പണമെത്താന്‍ വീണ്ടും ആഴ്ചകളെടുക്കും. പണമില്ലാത്തതിനാല്‍ പശുക്കള്‍ക്ക് യഥാസമയം കാലിത്തീറ്റയും മറ്റും വാങ്ങിനല്‍കാന്‍ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍. ആവശ്യമായ തീറ്റ നല്കാന് കഴിയാതായതോടെ ഉത്പാദനം കുറഞ്ഞ് ക്ഷീരസംഘങ്ങളില്‍ നല്കാന് പാലില്ലാത്ത അവസ്ഥയിലായെന്നു കര്‍ഷകര്‍ പറയുന്നു. ക്ഷീരകര്‍ഷകരും പശുക്കളും ഒരേപോലെ പട്ടിണിയിലായ അവസ്ഥ.
പലരും കുടുംബച്ചെലവും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകുന്നത് പശുക്കളെ വളര്‍ത്തിയുള്ള വരുമാനത്തിലാണ്.നോട്ടു പിന്‍വലിക്കലും പണം ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും കാര്‍ഷിക, ക്ഷീരമേഖലകളെ ആശ്രയിച്ചുകഴിയുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.