ചവറ: പ്രസവിക്കാത്ത കറുമ്പി പശു പാൽ ചുരത്തുന്നത് കൗതുകമേകുന്നു. ദിവസം ചുരത്തുന്നതാകട്ടെ അഞ്ച് ലിറ്റർ ശുദ്ധമായ പാലും. ചവറ വട്ടത്തറ കളപ്പുരയ്ക്കൽ ജയശങ്കറിന്റെ വീട്ടിലെ ഒന്നര വയസ് മാത്രം പ്രായമുള്ള പശുക്കിടാവാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി പാൽ ചുരത്തി കൗതുകവും അത്ഭുതവും പകരുന്നത്. വർഷങ്ങളായി ക്ഷീര കർഷിക രംഗത്തുള്ള ജയശങ്കറിനും ഭാര്യ ജയശ്രീക്കും ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത്. ജയശങ്കറിന്റെ വീട്ടിൽ ജനിച്ച് വളർന്ന കിടാവിനൊപ്പം കറവയുള്ള മറ്റൊരു പശുകൂടി ഉണ്ട്. തൊഴുത്തിൽ പാൽ കണ്ടതോടെ ആദ്യം ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് കിടാരിയാണ് പാൽ ചുരത്തുന്നത് എന്ന് കണ്ടെത്തിയത്.
വെറ്ററിനറി ഡോക്ടർമാരെ വിവരമറിയിച്ചപ്പോൾ പശുക്കുട്ടിയെ കറവ നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം രണ്ടും മൂന്നും ലിറ്റർ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ അഞ്ച് ലിറ്റർ പാലാണ് ദിവസവും കറന്നെടുക്കുന്നത്. പ്രസവിക്കാത്ത കിടാവിന്റെ പാൽ മടപ്പളളി ക്ഷീരസംഘത്തിലാണ് നൽകുന്നത്.
30 റീഡിംഗ് ഉള്ള പാലിന് 4.5 ആണ് കൊഴുപ്പ്. മികച്ച ഗുണനിലവാരമുള്ള പാലാണ് ലഭിക്കുന്നതെന്ന് ക്ഷീര സംഘം അധികൃതരും പറയുന്നു. ദിവസം ഒരു നേരമേ കറവയുള്ളു എങ്കിലും പല സമയവും പാൽ തുള്ളിയായി അകിടിൽ നിന്നും വീഴുന്നുമുണ്ട്. ഹോർമോണിന്റെ അവസ്‌ഥാന്തരമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് വെറ്ററിനറി ഡോക്ടർ പറയുന്നത്.
കൗതുകം പകർന്ന് പാൽ ചുരത്തുന്ന പശുക്കിടാവിനെ മികച്ച രീതിയിലാണ് വീട്ടുകാർ പരിപാലിക്കുന്നത്. പാൽ ചുരത്തുന്ന പശുക്കുട്ടിയെ നിരവധി ക്ഷീര കർഷകരും സന്ദർശിക്കുന്നുണ്ട്.