യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഉത്തര്‍പ്രദേശില്‍ ബീഫ് വിപണനത്തിനെതിരെ ശക്തമായ നടപടികളാണ് കൈക്കൊണ്ടത്. നിയമാനുസൃതമല്ലാത്ത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്ന ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക അറവുശാലകള്‍ക്കും താഴു വീണു. മാംസം ലഭിക്കാനില്ലാത്തതിനാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഭക്ഷണ ശാലകള്‍ പോലും നിര്‍ത്തലാക്കേണ്ടി വന്നു. പശുമാംസത്തിനു മാത്രമല്ല, ബീഫ് ഇനത്തില്‍ വരുന്ന എല്ലാ മാംസങ്ങള്‍ക്കും സംസ്ഥാനത്തിന് നിരോധനമുണ്ട്. മട്ടന്‍, ചിക്കന്‍ കച്ചവടക്കാര്‍ പോലും പേടിയിലാണ്. അറവുശാലകള്‍ അടച്ചുപൂട്ടുന്നതിലൂടെ ഒരുതരത്തിലുള്ള റെഡ്മീറ്റും അനുവദിക്കില്ല എന്നാണ് ആദിത്യനാഥ് ഗവണ്‍മെന്റിന്റെ നിലപാട്.
യു.പി ബീഫില്ലാ സാമ്രാജ്യമായി മാറുകയാണെന്ന് യോഗി ആദിത്യനാഥും ബി.ജെ.പിയും സംഘപരിവാറും വീമ്പടിക്കുമ്പോഴും ഇന്ത്യയില്‍ നിന്ന് വിദേശ മാര്‍ക്കറ്റിലേക്കുള്ള ബീഫ് കയറ്റുമതിക്ക് കുറവൊന്നുമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുറംവിപണികളില്‍ ബീഫ് എത്തിക്കുന്ന കമ്പനികളില്‍ മിക്കതിന്റെയും അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത് യു.പിയില്‍ തന്നെയാണെന്നതും മറ്റൊരു വിരോധാഭാസം. ബീഫിനെതിരെ നിലപാടെടുക്കുകയും അതിന്റെ പേരില്‍ മനുഷ്യരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും വരെ ചെയ്യുന്ന സംഘ്പരിവാര്‍ അണികള്‍ ഇത്തരം കമ്പനികള്‍ക്കുനേരെ ചീറിയടുത്തതായി നാം വാര്‍ത്തകളും കേട്ടിട്ടില്ല. ബി.ജെ.പിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്.
കാരണം, ഈ കമ്പനികളില്‍ സിംഹഭാഗവും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ളതല്ല, രാജ്യത്തെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്‍ കബീര്‍ എക്സ്പോര്‍ട്ട്സിന്റേതടക്കം നിരവധി കശാപ്പുശാലകളാണ് യു.പിയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നത്. ഗോമാതാവിന് സംരക്ഷണമേകാന്‍ എന്ന പേരിലുള്ള ബീഫ് വിരോധം മുസ്ലിംകളുടെയും ദളിതുകളുടെയും ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതാക്കാനുള്ള വഴി മാത്രമാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. അല്‍കബീര്‍ കെ്‌സപോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. അറബി പേര് കണ്ട് തെറ്റിദ്ധരിക്കണ്ട, അല്‍ കബീറിന്റെ ഉടമ സതീഷ് സബര്‍വാള്‍ ആണ്. തെലുങ്കാന സംസ്ഥാനത്ത് 400 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന അല്‍കബീറിന്റെ അറവുശാല ഇന്ത്യയിലെ തന്നെ ഏറ്റവും വലുതുമാണ്. 650 കോടിയുടെ ബിസിനസാണ് അല്‍ കബീര്‍ നടത്തുന്നത്. അവിടെ മാടുകളെ കൊല്ലുന്നതാവട്ടെ, അതിക്രൂരമായും. ഇതൊന്നും പശുസംരക്ഷകര്‍ അറിഞ്ഞതായി പോയും ഭാവിക്കുന്നില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.