ന്യൂഡൽഹി: കൂട്ടം തെറ്റിപ്പോകാതിരിക്കാൻ രാജ്യത്തെ പശുക്കൾക്കും ആധാർ കാർഡ് പോലെ തിരിച്ചറിയൽ രേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനായി ഈ വർഷത്തെ ബജറ്റിൽ 50 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
പശു സഞ്ജീവനി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നാലു കോടി പശുക്കൾക്കു തിരിച്ചറിയിൽ കാർഡ് നൽകാനാണുകാലിവളർത്തൽ, കൃഷി, ഫിഷറീസ് വകുപ്പുകളുടെ നീക്കം. പശുക്കളുടെ ഇനം, ഉയരം, ലിംഗം, വയസ്, തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ എന്നിവ രേഖപ്പെടുത്തിയ കാർഡ് പശുവിന്റെ ചെവിയിൽ ഘടിപ്പിക്കാനാണു പദ്ധതി. ഇതിനായി കൃത്രിമത്വം നടത്താൻ കഴിയാത്ത പോളിയൂറിത്തേൻ ടാഗിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്.
കാർഡ് ഒന്നിന് പത്തു രൂപ കർഷകരിൽനിന്ന് ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഞ്ജീവനിക്കൊപ്പം ഫിഷറീസ് ആൻഡ് അക്വാകൾച്ചർ, ആനിമൽ ഹസ്ബൻഡറി എന്നീ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിൽ 10,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
അതേസമയം, കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിനായി പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത സർക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധവും വ്യാപകമായി ഉയർന്നിട്ടുണ്ട്.