ചാത്തന്നൂർ: ക്ഷീരകർഷക കുടുംബത്തിലെ ആറംഗങ്ങൾ കോവിഡ് ബാധിതരായതോടെ, പശുക്കളുടെ കാര്യം പരിതാപകരമായി. പൂർണഗർഭിണിയായ പശുവിനെ യഥാസമയം പരിചരിക്കാനുമായില്ല.
കുടുംബാംഗങ്ങൾക്ക് ചിറക്കര ഗ്രാമപഞ്ചായത്ത് ഭക്ഷണവും മറ്റും എത്തിക്കാറുണ്ട്. ഗ്രാമ പഞ്ചായത്തംഗം വീനിതാദിപു നേരിട്ടിടപെട്ട് റേഷൻ സാധനങ്ങളും കൃത്യമായി എത്തിച്ചു കൊണ്ടിരിക്കയാണ്. ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളജ് വാർഡിലാണ് സംഭവം.
ഗർഭിണിയായ പശുവിന് രോഗബാധിതരുടെ ബന്ധുക്കളും അയൽവാസികളും വയ്ക്കോലും വെള്ളവും കൊടുക്കുമായിരുന്നു. പക്ഷേ പശുവിന് യഥാസമയം ലഭിക്കേണ്ട ഗർഭകാല പരിചരണങ്ങൾ മുടങ്ങുകയും ലഭിക്കാതാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പശുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പശു കിടന്ന് പിടയുന്നതാണ് കണ്ടത്.ഉടൻ തന്നെ മൃഗ സംരക്ഷണവകുപ്പിന്റെ ഡോക്ടർമാരെ അറിയിച്ചു.
രാത്രികാല വെറ്ററിനറി ഡോക്ടർമാരായ വിശാഖ്, ശരത് എന്നിവർ ഉടൻ എത്തുകയും ചെയ്തു. രാത്രി തന്നെ പശുവിന് ചികി ത്സ തുടങ്ങുകയും പശു പ്രസവിക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാവുകയും ഗർഭപാത്രം പുറത്താവുകയും ചെയ്തു.
വിദഗ്ധ ചികിത്സ നൽകിയെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗ്രാമപഞ്ചായത്തംഗം വിനിത ദിപുവിന്റെ നേതൃത്വത്തിൽ ചിറക്കര മൃഗാശുപത്രിയിലെ ഡോ. വിനോദ് ചെറിയാൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ദീപക് എന്നിവർ പോസ്റ്റുമോർട്ടം നടത്തി.
ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
സിപിഐ കോളേജ് ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ, എഐവൈഎഫ് പ്രവർത്തകരായ ബിനു, ദീപക്, വിഷ്ണു, വിപിൻ എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പി ഡി കിറ്റ് ധരിച്ച് പശുവിന്റെ ജഡം മറവ് ചെയ്തു.
സമീപത്തുള്ള വീടുകളിൽ നിന്ന് പാൽ ശേഖരിച്ച് പശു കിടാവിന് ഗ്രാമപഞ്ചായത്ത് അംഗം കുപ്പിപാൽ നൽകി. പശുക്കുട്ടിയെ പരിചരിക്കാനുള്ള സംവിധാനവും ഗ്രാമ പഞ്ചായത്തംഗം വിനിതാദിപുവിന്റെ നേതൃത്വത്തിൽ ഒരുക്കി.
കോവിഡ് രണ്ടാം ഘട്ട വ്യാപനം വളർത്തുമൃഗങ്ങളുടെ അവസ്ഥ വളരെയധികം ദുരിതത്തിലാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ചികിത്സയിലും ക്വാറന്റൈയിനിലുമാകുമ്പോൾ തീറ്റ കിട്ടാതെയും ശരിയായ പരിചരണം ലഭിക്കാതെയും കറവപശുക്കൾ ഉൾപ്പെടെ രോഗബാധിതരാകുന്നു.
കഴിഞ്ഞ മാസം തട്ടാർകോണത്തെ കോവിഡ് ബാധിതരുടെ വീട്ടിലും ഇതേ അവസ്ഥയുണ്ടായി. അന്ന് വിവരമറിഞ്ഞെത്തിയ ചാത്തന്നൂർ വെറ്ററിനറി സർജനാണ് ആ ഗർഭിണി പശുവിന്റെ ജീവൻ രക്ഷിച്ചത്.