ലക്നൗ: പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നിൽ കാൻസർ രോഗികൾ സുഖപ്പെടുമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശിലെ കരിമ്പ് വികസന വകുപ്പ് മന്ത്രി സഞ്ജയ് സിംഗ് ഗാങ്വർ.
10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണു മന്ത്രി ഇങ്ങനെ പറഞ്ഞത്.
“രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. രോഗി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകിൽ താലോലിച്ച് സേവിക്കണം.
ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽനിന്ന് ആശ്വാസം ലഭിക്കും.
പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്’ -മന്ത്രി പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.