ഹരിപ്പാട്: അജ്ഞാതരോഗം ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങുന്നു. വീയപുരത്താണ് അജ്ഞാതരോഗം ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങുന്നത്. പശുക്കളും ആടുകളുമാണ് ചത്തൊടുങ്ങിയത്. പത്തിലധികം പശുക്കളും അതുപോലെ പന്ത്രണ്ടോളം ആടുകളുമാണിവിടെ ചത്തത്.
വീയപുരം കിഴക്കേരയിലെ കന്നുകാലികളാണ് ചത്തൊടുങ്ങിയത്. നന്ദൻകേരിൽ അബ്ദുൾസത്താറിന്റെ 60000 രൂപയോളം വിലവരുന്ന കറവപശുവാണ് ഇന്നലെ ചത്തത്. പാളയത്തിൽ കോളനിയിൽ സുധാകരൻ, അടിച്ചേരിൽ സജീവ്, പോളത്തുരുത്തേൽ ഷാനി, പോളത്തുരുത്തേൽ കുഞ്ഞുമോൻ, പോളത്തുരുത്തേൽ അബ്ദുൾമജീദ്, നന്ദൻകേരിൽ കൊച്ചുമോൻ, പാളയത്തിൽ സോമൻ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ചത്തത്.
രോഗം എന്തെന്ന് അറിയാത്തതിനാൽ കൂടുതൽ പരിശോധനക്കായി ആന്തരികാവയവങ്ങൾ ആലപ്പുഴക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സർജൻ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
നാവിൽ നിന്ന് ഉമിനീർ വരികയും തുടർന്ന് തീറ്റയെടുക്കാതെ നുരയും പതയും വരികയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമാണ് പതിവെന്ന് കർഷകർ പറയുന്നു. ഈമേഖലയിലെ കൂടുതൽ പശുക്കൾക്ക് ഇത്തരം ലക്ഷണം കണ്ടിട്ടുണ്ട്. കറുകത്തകിടിയിൽ അജിമോൻ, തോപ്പിൽ റസിയ എന്നിവരുടെ ആടുകളും ചത്തിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ആടുകൾ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ അഭിപ്രായം.
മിക്കപശുക്കളും തളർന്ന് വീഴുന്നുണ്ടെന്നും ചികിത്സക്ക് ഭീമമായ തുകചെലവഴിച്ചിട്ടും ഉപജീവനമാർഗമായ മാടുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ലെന്നും കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ചത്ത മാടുകൾക്ക് പകരം അതേ ഇനത്തിൽപ്പെട്ട മാടുകളെ നൽകുകയും ചികിത്സാചെലവ് നൽകണമെന്നാവശ്യവുമാണ് കർഷകർക്കുള്ളത്. അതിന് ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.