കോതമംഗലം: നെല്ലിക്കുഴിയിൽ പേവിഷബാധയേറ്റ ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നു.കാപ്പുചിറ കാപ്പുചാലിൽ അബുവിന്റെ എട്ട്മാസം ഗർഭിണിയായ പശുവിനെയാണ് വെടിവച്ചു കൊല്ലേണ്ടി വന്നത്. അബുവിന് മറ്റ് രണ്ട് പശുക്കളും ഒരു കിടാരിയും ഉണ്ട്. ഇവയെ തൊഴുത്തിലാണ് കെട്ടിയിരുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച പശുവിന് നായുടെ കടിയേറ്റതായാണ് സംശയിക്കുന്നത്.
ശനിയാഴ്ച പശു അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധന നടത്തിയിരുന്നു. എന്നാൽ പേവിഷബാധയുടെ ലക്ഷണങ്ങൾ മനസിലായിരുന്നില്ല. ഇന്നലെ രാവിലെ മുതൽ പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരികയും അക്രമാസക്തമാകുകയും ചെയ്തു.
രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. അഞ്ച് മാസം മുന്പ് 40000 രൂപ നൽകി വാങ്ങിയ പശുവിനാണ് പേവിഷബാധയേറ്റത്. പോലീസിൽ വിവരം അറിയച്ചതനുസരിച്ച് പശുവിനെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചു.പോലീസ് നിർദേശപ്രകാരം ലൈസൻസ് തോക്കുള്ള കുത്തുകുഴി സ്വദേശി എത്തി വൈകുന്നേരം പശുവനെ വെടിവച്ചു കൊന്നു.
ജഡം മറവ് ചെയ്തു. അബുവും ഭാര്യ റഷീദ ക്കും ഇവരുടെ രണ്ട് പശുക്കൾക്കും കിടാരിക്കും പ്രതിരോധകുത്തിവയ്പ്പെടുത്തു.മെഡിക്കൽ സംഘം ഇന്ന് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തും.പശുവിന് പേവിഷബാധയേറ്റ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.പശുവിനെ കടിച്ച നായയെ കണ്ടെത്താനായിട്ടില്ല. പേപിടിച്ച നായ മറ്റേതെങ്കിലും വളർത്തുമൃഗങ്ങളെ കടിച്ചിട്ടുണ്ടോയെന്ന സംശയം ജനങ്ങളിൽ ഭീതിപടർത്തിയിട്ടുണ്ട്.