മൂവാറ്റുപുഴ: പശുവളർത്തലിൽ വിജയഗാഥ തീർത്ത് സിനു ജോർജ്. തിരുമാറാടി പേങ്ങാട്ട് ജോർജിന്റെ ഭാര്യ സിനു ജോർജിന് പശുക്കളെന്നാൽ ജീവിതമാണ്.
പുലർച്ചെ ഒന്നിനു തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് വൈകിട്ട് അഞ്ചോടെ യാണ്.പ്രതിദിനം 550 ലിറ്ററിലധികം പാൽ ഔട്ട്ലെറ്റുകൾ വഴിയും സഹകരണ സംഘം വഴിയും വില്പന നടത്തും.
60 കറവപ്പശുക്കളും ഏഴു കിടാരികളും ഇവിടെയുണ്ട്.പഞ്ചായത്തിലെ അറിയപ്പെടുന്ന ക്ഷീരകർഷകയായ സിനു തിരുമാറാടി ക്ഷീര സംഘത്തിന്റെ പ്രസിഡന്റു കൂടിയാണ്. മരട്, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലായാണ് മൂന്ന് പാൽ ഔട്ട്ലെറ്റുകൾ.
ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കാനായി തിരുമാറാടിയിൽ തന്നെ ഒരു ഔട്ട്ലെറ്റ് സ്വന്തമായുള്ള സിനു രണ്ട് പശുവിൽനിന്നാണ് 60 പശുക്കളിലേക്ക് തന്റെ ഫാം വളർത്തിയെടുത്തത്.
പകൽ മുഴുവൻ പണിക്കാരോടൊപ്പം ഫാമിൽ തന്നെ. തീറ്റ, കറവ, പാൽ കുപ്പിയിലാക്കൽ തുടങ്ങിയവയ്ക്കെല്ലാം സിനു നേതൃത്വം നൽകും. ഭർത്താവ് ജോർജാണ് ഔട്ട്ലെറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് ഡോ. ഈപ്പൻ ജോർജിന്റെ നേതൃത്വത്തിൽ പണിതീർന്ന അത്യാധുനീക സൗകര്യങ്ങളോടു കൂടിയ പശുഫാമിൽ ചൂടു കുറച്ച് നിർത്താനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മേൽക്കൂരയ്ക്കു മുകളിലൂടെയുള്ള തുള്ളി നന, ഫാമിന് ചുറ്റും രണ്ടര ഏക്കർ പുൽതോട്ടം, മാലിന്യ നിർമാർജ്ജന സംവിധാനം, ബയോഗ്യാസ് പ്ലാന്റ്, ചാണകം ഉണക്കിപ്പൊടിക്കുന്ന ഇറ്റാലിയൻ യന്ത്രം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ഷീര കാർഷിക മേഖലയിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനു പാരന്പര്യ കർഷക കുടുംബത്തിലെ അംഗമാണ്. ഡോ. നേഹ മറിയം ജോർജ്, എംബിബിഎസ് വിദ്യാർഥി ക്രസ്റ്റ മറിയം ജോർജ് എന്നിവർ മക്കളാണ്.