കോട്ടയം: ക്ഷീരകർഷകർക്കും കന്നുകാലികള്ക്കും ഇന്ഷ്വറന്സ് പരിരക്ഷ നൽകിയിരുന്ന ക്ഷീരസാന്ത്വനം പദ്ധതി പൊളിച്ചെഴുതി സർക്കാർ. ഇൻഷ്വറൻസ് കന്പനികൾക്ക് അനുകൂലമായി മാറ്റിയ പദ്ധതി കർഷകർക്ക് ആകർഷകമല്ലാതായി. പദ്ധതിയിൽനിന്ന് കന്നുകാലികളെ പുറത്താക്കി ക്ഷീരകർഷകന് മാത്രമായി ചുരുക്കി.
പശു ചത്താൽ 50,000 രൂപ വരെയും ഗർഭിണി ആകാതെ വരികയോ അകിടുവീക്കം വരികയോ ചെയ്താൽ 25,000 രൂപ വരെയും കർഷകന് ലഭിക്കുമായിരുന്നു. എന്നാൽ ഈ ആനുകൂല്യം പുതിയ പദ്ധതിയിൽനിന്നും പാടെ നീക്കി.
രണ്ടു വർഷമായി ക്ഷീരസാന്ത്വനം പദ്ധതി നിർത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ കന്പനികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നെന്ന കാരണത്താലായിരുന്നു നിർത്തലാക്കിയത്. അടുത്തിടെയാണ് പദ്ധതി വീണ്ടും ആരംഭിച്ചത്.
നേരത്തേ ഏതൊരു ക്ഷീരകർഷനും കുടുംബത്തിനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിശ്ചിത അളവ് പാൽ നൽകുന്ന ക്ഷേമനിധി അംഗത്വമുള്ള കർഷകർക്ക് മാത്രമായി ഇൻഷ്വറൻസ് ചുരുക്കി.
പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകിയിരുന്നപ്പോൾ നിലവിൽ 22,000 കർഷകർക്ക് മാത്രമാണ് ഇൻഷ്വറൻസ് ലഭിക്കുക.
പദ്ധതിയിൽ ചേരുന്ന കർഷകന് 3972 രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം തുക. ഇതിൽ 1,725 രൂപ സർക്കാർ ധനസഹായമായും ലഭിക്കും. ഒരു വർഷമാണ് കാലാവധി. കുടുംബത്തിന് ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ ജീവിത പങ്കാളി 2900 രൂപയും ഒരു കുട്ടിക്ക് 1650 രൂപയും പ്രീമിയം അടയ്ക്കണം.
ഇതിന് സർക്കാർ ധനസഹായം ലഭിക്കില്ല. എന്നാൽ നേരത്തേ 1,725 രൂപ നൽകി ഇൻഷ്വറൻസിൽ അംഗമായാൽ കുടുംബത്തിനും കന്നുകാലികൾക്കും വരെ പരിരക്ഷ ലഭിച്ചിരുന്നു.
ക്ഷീരവികസന വകുപ്പ് നടത്തിയിരുന്ന പദ്ധതി നിലവിൽ ക്ഷേമനിധി ബോർഡും മേഖലാ യൂണിയനുകളും സംയുക്തമായാണ് നടപ്പാക്കുന്നത്. ന്യൂ ഇന്ത്യാ അഷ്വറൻസ് കന്പനിയും ലൈഫ് ഇൻഷ്വറൻസ് കോർപറേഷനുമാണ് പദ്ധതി നടത്തപ്പ് പങ്കാളികൾ.
മൃഗസംരക്ഷണ വകുപ്പുവഴി പഞ്ചായത്തിൽ 20 പശുക്കളെ ഇൻഷ്വര് ചെയ്യുന്ന പദ്ധതിയും നിർത്തലാക്കി.ഈ പദ്ധതിയിൽ കർഷകൻ 705 രൂപ മാത്രമായിരുന്നു പ്രീമിയം അടയ്ക്കേണ്ടിയിരുന്നത്. പശു ചത്താൽ ഇൻഷ്വറൻസ് തുകയായി 50,000 രൂപ ക്ഷീരകർഷകന് ലഭിക്കുമായിരുന്നു.
ടിജോ മാത്യു