ഛണ്ഡിഗഡ് : പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കളെ ഹരിയാനയില്‍ ചുട്ടുകൊന്നു.
രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (27), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പശുക്കടത്ത് ആരോപിച്ച് ബുധനാഴ്ച രാത്രി ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിനശിച്ച വാഹനത്തില്‍ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് നസീറിന്‍റേയും ജുനൈദിന്‍റേയും ബന്ധുക്കള്‍ ആരോപിച്ചു.
ഗുരുഗ്രാമില്‍ നിന്നുള്ള ബജ്റംഗ്ദള്‍ അംഗം മോനു മനേസര്‍, നുഹില്‍ നിന്നുള്ള ശ്രീകാന്ത് മറോറ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ഗോപാല്‍ഗഡ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭരത്പൂര്‍ പോലീസ് പറഞ്ഞു.
അപകടമാണൊ കത്തിച്ചതാണൊ എന്ന് വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മരിച്ച ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.