മാനസികമായി തളര്‍ന്നിരിക്കുമ്പോഴോ അമിതമായ സമ്മര്‍ദത്തില്‍ അകപ്പെടുമ്പോഴോ ആരെങ്കിലുമൊന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ആരെയെങ്കിലുമൊന്നു കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിക്കുന്നവരോ അല്ലെങ്കില്‍ ആഗ്രഹിക്കുന്നവരോ ആണ് പലരും.
ചിലര്‍ക്ക് അത് ആളുകള്‍ തന്നെയായിരിക്കണം എന്നില്ല. തങ്ങള്‍ അരുമയായി വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ ആയാലും മതി.
മഹാമാരിയും ലോക് ഡൗണും ആളുകള്‍ക്ക് അതിഭീകരമായ മാനസിക സമ്മര്‍ദമാണ് നല്‍കിയിരിക്കുന്നത്.
ഈ അവസ്ഥയ്ക്ക് അല്‍പ്പം ആശ്വാസം നല്കുന്ന ഒരു ട്രെന്‍ഡ് അമേരിക്ക, സ്വിറ്റ്സര്‍ലൻഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിച്ചിരിക്കുകയാണ്.
പശുക്കളെ കെട്ടിപ്പിടിക്കുന്നതാണ് ആശ്വാസം നല്കുന്ന സംഭവം. മനുഷ്യരെയോ മൃഗങ്ങളെയോ ആലിംഗനം ചെയ്യുമ്പോള്‍ ഓക്സിടോന് എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
താരതമ്യേന സുരക്ഷിതമായ കൈകാര്യം ചെയ്യാവുന്ന മൃഗമെന്ന രീതിയിലാണ് പശുവിനെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
വീട്ടിലുള്ള പശുക്കളെ തന്നെ കെട്ടിപ്പിടിക്കണം എന്നില്ല. അതിനായി പ്രത്യേകം കേന്ദ്രങ്ങള്‍ തന്നെ ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആശ്വാസം വേണ്ടവര്‍ക്ക് ഈ കേന്ദ്രങ്ങളിലെത്തി ഫീസ് നല്കി പശുവിനെ കെട്ടിപ്പിടിക്കാം, തൊടാം, തലോടാം, ഉമ്മ വയ്ക്കാം.
ഇതിനായി ഓരോരുത്തര്‍ക്കും നിശ്ചിത സമയം അനുവദിക്കും. അനുവദിച്ച അത്രയും സമയം പശുക്കള്‍ക്കൊപ്പം ചെലവിടാം. എന്തായാലും സംഭവം അങ്ങ് ട്രെന്‍ഡായിരിക്കുകയാണ്.
സമ്മര്‍ദമകറ്റാന്‍ നിരവധി പേരാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആശ്വാസം തേടിയെത്തുന്നവരാകട്ടെ സംഭവം കൊള്ളാമെന്നു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.