റാന്നി: ശബരിമല തീർഥാടനപാതയിൽ പെരുനാട് – ളാഹ ഭാഗത്തു കന്നുകാലികളുടെ കടന്നുകയറ്റം.മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ പാതയിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെയുള്ള ഭാഗത്ത് കന്നുകാലികൾ യാത്രയ്ക്ക് തടസമുണ്ടാക്കുന്നത്.
കൂനംകര ളാഹ മേഖലയിലാണ് തീർഥാടന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കന്നുകാലികൾ വിഹരിക്കുന്നത്.
തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നതാണ് ഇതിനു കാരണം.
ശബരിമല തീർഥാടന കാലത്തുപോലും കന്നുകാലികൾ ഇത്തരത്തിൽ വിഹരിക്കുന്നതു കാരണം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
വളവുകളിലും റോഡിന്റെ മധ്യത്തിലും കിടക്കുന്ന കന്നുകാലികൾ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്തെത്തുന്ന അയ്യപ്പന്മാർക്ക് ഭീഷണിയാണ്.
വിവിധ സംസ്ഥാനങ്ങളിൽനിന്നുപോലും ശബരിമല യ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് റോഡ് പരിചയം ഇല്ലാത്തതു മൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയിരുന്നു.
വാഹനങ്ങൾ കണ്ടു ഭയമില്ലാത്ത കന്നുകാലികൾ റോഡിന്റെ മധ്യത്തിൽ കിടക്കുന്നതു പതിവാണ്. കന്നുകാലികളെ രാവിലെ അഴിച്ചു വിട്ടാൽ ഉച്ചയ്ക്ക് കറവ സമയത്ത് ഇവ വീടുകളിൽ എത്തുന്നതാണ് പതിവ്.
കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലേക്ക് പോകാനായി വേഗത്തിൽ വരികയായിരുന്ന കാർ വളവിൽ കന്നുകാലികൾ റോഡിന്റെ മധ്യത്തിൽ നിൽക്കുന്നതുകണ്ടു ബ്രേക്ക് ഇടവേ നിയന്ത്രണം വിട്ടു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.