കിഴക്കമ്പലം: എറണാകുളം കിഴക്കന്പലം സ്വദേശിനി രാജമ്മയുടെ പശുവാണ് ഇപ്പോൾ നാട്ടിലെ താരം. മാളു എന്ന് രാജമ്മ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പശുവിന് കഴിഞ്ഞ പത്ത് വർഷമായി കറവ വറ്റിയിട്ടില്ല. 2009 ലെ ആദ്യ പ്രസവത്തെ തുടര്‍ന്ന് ആരംഭിച്ചതാണ് കറവ. ഇപ്പോള്‍ രാവിലെ മൂന്നും ഉച്ചക്ക് രണ്ടും ലിറ്റര്‍ പാലാണ് രണ്ടു നേരത്തെ കറവയില് ലഭിക്കുന്നത്.
പഴന്തോട്ടം മൂണേലിമുകള്‍ മാലായില്‍ നടുപ്പറമ്പില്‍ രാജമ്മ 38 വര്‍ഷമായി പശു വളര്‍ത്തല്‍ ആരംഭിച്ചിട്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടിലുണ്ടായിരുന്ന ജേഴ്സി ക്രോസ് ഇനത്തില്‍പെട്ട പശുവിനെ കുത്തിവച്ച് ഉണ്ടായതാണ് മാളു. തള്ള പശുവിനെ വിറ്റ ശേഷം മാളുവിനെ വളര്‍ത്തി. മാളുവിന്റെ ആദ്യപ്രസവത്തില്‍ മൂരിക്കിക്കിടാവാണ് ഉണ്ടായത്.
നാലുവര്‍ഷം വളര്‍ത്തിയശേഷം അതിനെ വിറ്റു. തുടർന്നു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല മാളു നല്കുന്ന പാല് വിറ്റ് രാജമ്മയുടെ കുടുംബം സുഖമായികഴിയുന്നു. മൂന്നുനേരം പച്ചപ്പുല്ല്, കഞ്ഞി, കാടി വെള്ളം എന്നിവയാണ് പശുവിനു നല്‍കുന്നത്.
മറ്റു തീറ്റകളൊന്നും നല്‍കുന്നില്ല. രണ്ടുനേരം കുളിപ്പിക്കും. ആദ്യ കാലങ്ങളില്‍ 8 ലിറ്റര്‍ പാല് ലഭിച്ചിരുന്നതാണ്. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതോടെയാണ് പാല് കുറഞ്ഞത്. പാല് സമീപത്തെ സൊസൈറ്റിയിലാണ് വില്‍ക്കുന്നത് രാജമ്മ പറഞ്ഞു.
സ്വര്‍ണ പണിക്കാരനായ മകൻ ചന്ദ്രനും മരുമകള്‍ സേതുലക്ഷ്മിയും ചെറുമക്കളായ രഞ്ജിതും അജയ്യും രാജമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ട്. സാധാരണ പശുക്കളുടെ പ്രസവം കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം കുത്തിവയ്പിക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഏഴ് മാസമാണ് കറവയെടുക്കാറുള്ളത്.
കുത്തിവയ്ക്കാത്ത സന്ദര്‍ഭങ്ങളില്‍ പശുക്കളുടെ പ്രസവശേഷം 10-12 മാസങ്ങള്‍ കറവ കിട്ടും. മതിലക്ഷണം കാണാത്തതും കുത്തിവയ്പ്പ് എടുക്കാത്തതും പ്രൊലാക്ടിന്‍ ഹോര്‍മോണിന്റെ അളവ് കുടുതലായി നിലനില്കുന്നതാകാം പാലുല്പാദനം ഇപ്പോഴും തുടരാൻ കാരണമെന്ന് കിഴക്കമ്പലം സീനിയര്‍ വെറ്റിനറി സര്ജന് ഡോ. വര്‍ഗീസ് പറഞ്ഞു.