കോൽക്കത്ത: നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്, അതുകൊണ്ടാണു പശുവിൻ പാലിനു സ്വർണ നിറമുള്ളത്..! പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെയാണ് ഈ വിചിത്രവാദം. നാടൻ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.
നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്. അതുകൊണ്ടാണു പശുവിൻ പാലിനു സ്വർണ നിറമുള്ളത്. നാടൻ പശു മാത്രമാണു നമ്മുടെ മാതാവ്. വിദേശി പശുവിനെ മാതാവായി കണക്കാക്കാനാകില്ല. പശുവിന്റെ പാൽ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. വിദേശികളെ ഭാര്യയാക്കിയവർ പലരുണ്ട്. അവരൊക്കെ കുഴപ്പത്തിൽ ചാടിയിട്ടേയുള്ളുവെന്നും പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ഗോപ അഷ്ടമി ആഘോഷപരിപാടിയിൽ സംസാരിക്കവെ ദിലീപ് ഘോഷ് പറഞ്ഞു.
ബീഫ് കഴിക്കുന്നവർക്കെതിരേയും അദ്ദേഹം വിവാദ പരാമർശം നടത്തി. ചില ബുദ്ധീജീവികൾ റോഡുവക്കിലെ കടകളിൽനിന്നാണു ബീഫ് കഴിക്കുന്നത്. എനിക്ക് അവരോടു പറയാനുള്ളത് പട്ടിയിറച്ചി കൂടി കഴിക്കണമെന്നാണ്. പട്ടിയിറച്ചി കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല- ദിലീപ് ഘോഷ് പറഞ്ഞു.
വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസർജ്യം കോരിക്കളയുന്നതിൽ അഭിമാനംകൊള്ളുന്നവരാണ് വഴിയരികിൽനിന്നു ബീഫ് കഴിക്കുന്നതെന്നു പറഞ്ഞ ബിജെപി അധ്യക്ഷൻ, എന്തിനാണ് റോഡു വക്കിലിരുന്നു ബീഫ് കഴിക്കുന്നതെന്നും ചോദിച്ചു.