പശുപ്രേമം മൂത്ത് പശുക്കളെ സ്വതന്ത്രരായി അലയാന്‍ വിട്ടത് വിനയായി! തെരുവ് പശുവിന്റെ കുത്തേറ്റ് ഗുജറാത്ത് എംപി ലീലാധര്‍ വഗേലയ്ക്ക് ഗുരുതര പരിക്ക്

ബിജെപിയുടെയും സംഘപരിവാറിന്റെയും പശു പ്രേമം അവര്‍ക്കു തന്നെ തിരിച്ചടിയായിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ് കുത്തേറ്റത് എന്നു കരുതിയാല്‍ തെറ്റി. ബിജെപി എംപിയാണ് പശുവിന്റെ കുത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയ്ക്കാണ് തെരുവ് പശുവിന്റെ കുത്തേറ്റ് സാരമായ പരിക്കേറ്റത്.

എംപിയുടെ ഗാന്ധിനഗറിലെ സെക്ടര്‍-21ലെ വീടിനു മുന്നിലാണ് സംഭവം. അവിടെ അലഞ്ഞു നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലോകസഭാംഗം തന്നെ പശുവിന്റെ ആക്രമണത്തിന് ഇരയായത്.

കൂടാതെ സൂറത്തിലും അഹമ്മദാബാദിലും അലഞ്ഞുതിരിയുന്ന പശുക്കളെ പിടിക്കാന്‍ ശ്രമിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരെ ഈ അടുത്ത് ഉടമകള്‍ ആക്രമിച്ചിരുന്നു. ഗോഘാതകരെ ജീവപര്യന്തം തടവിനു ശിക്ഷിക്കാന്‍ നിയമമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആവശ്യത്തിന് തീറ്റയില്ലാതായാലും കറവ വറ്റിയാലും കാലികളെ നഗരത്തില്‍ മേയാന്‍ വിടുന്നതാണ് ഉടമകളുടെ പതിവ്.

Related posts