ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ദിനം ചെലവഴിക്കാൻ താത്പര്യമുള്ളവർ വണ്ടി നേരേ രാജസ്ഥാനിലേക്കു വിട്ടോളൂ…ഇവിടെ ജയ്പുരിലുള്ള ‘ഗോശാല’ ഫാമിൽ പശുപ്രേമികളെ കാത്തിരിക്കുന്നത് പശുസഫാരിയാണ്.
ഏക്കറുകണക്കിനുള്ള പശുഫാമിലൂടെ ഒരു ദിവസംമുഴുവൻ കാളവണ്ടിയിലൂടെ യാത്ര ചെയ്ത് പശുജീവിതം അടുത്തറിയാനുള്ള അവസരമാണ് പശുസഫാരിയിലൂടെ അധികൃതർ ഒരുക്കുന്നത്. വിവിധ തരം പശുക്കളുടെ ജീവശാസ്ത്രപരമായ സവിശേഷതകളും മറ്റു കന്നുകാലികളുടെ ജീവിതവുമൊക്കെ അറിയാനും അവസരമുണ്ട്.
മലയാളചിത്രം ‘നാടോടിക്കാറ്റി’ലെ വിജയനപ്പോലെ, പശുവിന്റെ കരച്ചിൽ മനോഹരമായ സംഗീതം ആണെന്ന് അഭിപ്രായമുള്ളവർക്കു പശു സംഗീതം ആസ്വദിച്ച് ഒരു രാത്രി ചെലവിടാനും ഗോശാലയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമാണെന്നും വിദ്യാർഥികൾക്കും മറ്റും ഏറെ വിജ്ഞാനദായകമായിരിക്കും പശുസഫാരിയെന്നും ഗോശാല കോ-ഓർഡിനേറ്റർ രാധാ പ്രിയദാസ് പറഞ്ഞു. നേരത്തെ രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഗോശാലയുടെ ഇപ്പോഴത്തെ ചുമതലക്കാർ അക്ഷയപാത്ര ഫൗണ്ടേഷനാണ്. 22,000 കന്നുകാലികളാണ് ഇവിടുള്ളത്.