അമ്പൂരി: അന്പൂരി മൃഗാശുപത്രി വളപ്പിൽ 13 പശുക്കളെ കൊണ്ടു നിർത്തി കർഷകന്റെ ധർണ. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു ധർണ. തന്റെ ഫാമിലെ 13 പശുക്കളുമായി അമ്പൂരി കൂട്ടപ്പു ബിസ്മില്ല മൻസിലിൽ ഹാഷിമുദ്ദീനാണ് വേറിട്ട സമരത്തിനു തയാറായത്. കടുത്ത വേനലിൽ ഒരിക്കലും വറ്റാത്ത ജലസ്രോതസ് വറ്റിപ്പോയതാണ് ഈ ക്ഷീരകർഷകനു വിനയായത്.
ലോണെടുത്തു തുടങ്ങിയ ഈ സംരംഭം ഒരു രീതിയിലും മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു സമരത്തിനു ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ സമയത്ത് ഇത്രയും പശുക്കൾക്ക് ആവശ്യമായ വെള്ളം കണ്ടെത്തുക പ്രയാസമായി.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും അമ്പൂരി മൃഗഡോക്ടർ എൽ. അയ്യൻകന്നും, പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജിയും മെമ്പര്‍മാരും രാവിലെ മുതൽ ചർച്ച ചെയ്തിട്ടും പ്രശ്നപരിഹാരമുണ്ടായില്ല.
വൈകുന്നേരം നാലോടെ പഞ്ചായത്തിൽ നിന്നും ആഴ്ചയിൽ പതിനായിരം ലിറ്റർ വെള്ളം കൊടുക്കാമെന്നും ഇതിനു ശാശ്വതമായ പരിഹാരം ഉടൻ ഉണ്ടാക്കാമെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മുൻ വാർഡ് മെന്പർമാരായ കൊണ്ടകെട്ടി സുരേന്ദ്രന്റേയും ജോയി അഞ്ചുപങ്കിലിന്റേയും മധ്യസ്ഥതയിൽ സമരം അവസാനിപ്പിച്ചു.