കടുത്തുരുത്തി: പുറംപോക്കില്‍ താമസിക്കുന്ന കുടുംബത്തിന് ജീവിതചെലവിന് വരുമാനം കണ്ടെത്തുന്നതിനായി പശുവിനെ വാങ്ങി നല്കി കര്‍ഷക കുടുംബം വാട്സാപ്പ് കൂട്ടായ്മ.
കുടുംബത്തിന്റെ വരുമാന മാര്‍ഗത്തിനുള്ള പ്രതീക്ഷയായിരുന്ന പശു പ്രസവത്തെ തുടര്‍ന്നുണ്ടായ രോഗാവസ്ഥയെ തുടര്‍ന്ന് ചത്തു പോവുകയായിരുന്നു.
തുടര്‍ന്നാണ് കുടുംബത്തിന്റെ നിര്‍ധനാവസ്ഥ മനസിലാക്കി ഇവരെ സഹായിക്കാന്‍ ‘കര്‍ഷക കുടുംബം’ മുന്നോട്ട് വന്നത്. അറുനൂറ്റിമംഗലം വാക്കയില്‍ ലില്ലിയുടെ കുടുംബത്തിന് കര്‍ഷക കുടുംബത്തിന്റെ സഹായം ലഭിച്ചത്.
സുമനസുകളുടെ സഹായത്താലാണ് ലില്ലിക്കു പശുകിടാവിനെ വളര്‍ത്താന്‍ ലഭിച്ചത്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന നിര്‍ധന കുടുംബത്തിന് പശുവിനെ ലഭിച്ചത് വലിയ സഹായമായിരുന്നു.
കഴിഞ്ഞ ദിവസം പശുവിന്റെ കന്നി പ്രസവത്തില്‍ പശുകിടാവ് പുറത്തേക്ക് വരാന്‍ ബുദ്ധിമുട്ടായായതോടെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ കിടാവ് ചത്തു.
കൂടാതെ പശുവിന് എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യവും നഷ്ടപ്പെടുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് പശുവും ചത്തു. ഏതാണ്ട് 22,000 രൂപയോളം ചികിത്സയ്ക്കും മറ്റും വേണ്ടി വന്നതോടെ ഇവര്‍ കടക്കെണിയിലുമായി.
കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയതോടെ കര്‍ഷക കുടുംബം വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്നേഹ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പങ്കാളിതത്തോടെ 40,000 രൂപ ലഭ്യമാക്കി കറവയുള്ള പശുവിനെ കുടുംബത്തിന് കൈമാറുകയായിരുന്നു.
70 പേരാണ് പശുവിനെ വാങ്ങുന്നതിനായി സംഭാവന നല്‍കിയതെന്ന് കര്‍ഷക കുടുംബം വാട്സാപ്പ് പ്രസിസന്റ് റോബര്‍ട്ട് തോട്ടുപുറം പറഞ്ഞു.