കത്തിഹാർ: പശുക്കളുമായി പോയ യുവാവിനെ കവർച്ചക്കാർ തല്ലിക്കൊന്നു. ബിഹാറിലെ കത്തിഹാർ ജില്ലയിലാണു സംഭവം. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണു സംഘം ആക്രമണം നടത്തിയത്.
മുഹമ്മദ് ജമാൽ എന്നയാളും ഇയാളുടെ സഹോദരനുമാണ് ആക്രമിക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽനിന്നു തിങ്കളാഴ്ച വൈകിട്ടു ലാഭ പാലം വഴിയാണ് ഇവർ വന്നിരുന്നത്. ഇവിടെവച്ചു സാഗർ യാദവ് എന്നയാളും സംഘവും പണം ആവശ്യപ്പെട്ടു. പണം നൽകാൻ ജമാൽ വിസമ്മതിച്ചു. ഇതോടെ സംഘം ജമാലിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കത്തിഹാർ സദർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. സാഗർ യാദവിനും കൂട്ടാളികൾക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തതായി കത്തിഹാർ സദർ പോലീസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു.
പശ്ചിമ ബംഗാളിൽനിന്നു പശുക്കളെ കൊണ്ടുവന്നു കച്ചവടം നടത്തിയിരുന്ന ആളാണ് ജമാൽ. ജമാലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നൂറു കണക്കിനു നാട്ടുകാർ ചേർന്ന് കത്തിഹാർ-ഗെരാബരി ഹൈവേ ഉപരോധിച്ചു.