കൊരട്ടി: വെസ്റ്റ് കൊരട്ടി വാപ്പറന്പിൽ ചങ്കടപ്പൻ രോഗം ബാധിച്ച് കന്നുകാലി ചത്തു. രോഗം പകരാൻ സാധ്യതയുള്ളതായി പറയപ്പെടുന്നു. പ്രദേശവാസി കൂരൻ പൗലോസിന്റെ എട്ടര മാസം ഗർഭിണിയായ പശുവാണ് രോഗം ബാധിച്ച് ചത്തുവീണത്.
പശുവിനെ ഇന്നലെ രാവിലെ പറന്പിൽ അഴിച്ചു കെട്ടിയതായിരുന്നു. തുടർന്ന് പരിസരത്ത് പണിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു അസ്വസ്ഥത പ്രകടിപ്പിച്ച പശുവിനെ ആദ്യം കണ്ടത്. തുടർന്ന് ഉടമയെ അറിയിക്കുകയായിരുന്നു.
ഉടനെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പശുവിനെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിച്ച മാന്പ്ര വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ അഭിലാഷ് രോഗം സ്ഥിരീകരിച്ചു.
ഈ രോഗം പടരാതിരിക്കാൻ കന്നുകാലികൾക്ക് അടിയന്തരമായി പ്രതിരോധ കുത്തിവയ്പുകൾ എടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വേനലിൽ നിന്നും തണുപ്പിലേക്കും തണുപ്പുകാലത്തു നിന്നും വേനലിലേക്കും കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്പോൾ ഈ രോഗത്തിന്റെ സാധ്യതയേറുമെന്നും ഡോക്ടർ പറഞ്ഞു.
പരിസര പ്രദേശത്ത് കന്നുകാലികൾക്ക് രോഗം പടരാതിരിക്കാൻ വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്നും ഡോക്ടർ പറഞ്ഞു.