ധരംശാല: ഹിമാചൽപ്രദേശിൽ ഗോതമ്പ് പൊടിയിൽ പൊതിഞ്ഞ പടക്കം കഴിച്ച ഗർഭിണിയായ പശുവിന്റെ വായ തകർന്ന് ഗുരുതരപരിക്ക്. പാലക്കാട് സ് ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞതിന് പിന്നാലെയാണ് മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത വീണ്ടും വാർത്തയിൽ നിറയുന്നത്.
മെയ് 26 ന് ബിലാസ്പുരിലെ ജൻഡുതയിലായിരുന്നു സംഭവം. പടക്കം ഒളിപ്പിച്ച ഗോതമ്പ് പൊടി കഴിച്ചതിനെ തുടർന്ന് പശുവിന്റെ വായ പൊട്ടിത്തെറിക്കുകയായിരുന്നു.
വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന പശുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പശുവിന്റെ ഉടമസ്ഥൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പശു എട്ടുമാസം ഗർഭിണിയാണെന്ന് ഉടമസ്ഥൻ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ബിലാസ്പൂർ പോലീസ് സൂപ്രണ്ട് ദിവാകർ ശർമ പറഞ്ഞു.
സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കളിൽ സ്ഫോടക വസ്തു നിറച്ചുനൽകുന്നത് പ്രദേശത്ത് വ്യപകമാണെന്നും എന്നാൽ പലപ്പോഴും അപകടത്തിൽപ്പെടുന്നത് വളർത്തു മൃഗങ്ങളായിരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.