നെടുങ്കണ്ടം: കല്ലാർ പുഴയിൽ വീണ മൂരിക്കിടാവിനെ മണിക്കൂറുകൾക്കുശേഷം സാഹസികമായി രക്ഷപെടുത്തി. കല്ലാർ താന്നിമൂട് റോഡിന് സമീപം പുല്ലു തിന്നുവാനായി ഉടമയായ കല്ലാർ എസ്എൻ വിലാസം പ്രകാശ് കെട്ടിയിട്ടിരുന്ന കിടാവാണ് പുഴയിൽ വീണത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കിടാവ് കഴുത്തിൽ കയർകുരുങ്ങി പുഴയുടെ നടുവിൽ മുങ്ങിത്താഴുന്ന നിലയിൽ നാട്ടുകാർ കണ്ടത്. റോഡിൽനിന്നും 25 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കയർ മുറിച്ചുവിട്ടെങ്കിലും വീഴ്ചയിൽ പരിക്കേറ്റ കിടാവിന് പുഴയിൽനിന്നും കയറാനായില്ല. പുഴയുടെ അടിത്തട്ടിൽ ചേറ് പുതഞ്ഞുകിടക്കുന്നതിനാൽ ആളുകൾക്ക് ഇറങ്ങുവാനും സാധിച്ചില്ല.
കരയ്ക്ക് കയറുവാനുള്ള ശ്രമത്തിനിടെ കിടാവിന്റെ പിൻകാലുകൾ ചേറിൽ താഴ്ന്നിറങ്ങി അനങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി. ഒന്നര മണിക്കൂറോളം നാട്ടുകാർ ശ്രമിച്ചിട്ടും കരയ്ക്ക് കയറ്റാൻ കഴിയാതെ വന്നതോടെ നെടുങ്കണ്ടം ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി വടം ഉപയോഗിച്ച് ഒരുമണിക്കൂറുകൊണ്ടാണ് സാഹസികമായി കിടാവിനെ കരയ്ക്കുകയറ്റിയത്. രക്ഷാപ്രവർത്തനം കാണാനായി പുഴയുടെ ഇരുകരകളിലും നിരവധി ആളുകളും ഉണ്ടായിരുന്നു.