കോതമംഗലം: മേയാൻ വിട്ടിരുന്ന മൃഗങ്ങളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു.
തലക്കോട് ചുള്ളിക്കണ്ടത്ത് കിളിയൻകുന്നത്ത് എൽദോസ്, കുരീക്കാട്ടിൽ ബേബി എന്നിവരുടെ പശുക്കൾക്കാണ് പൊള്ളലേറ്റത്.
ആസിഡ് ആക്രമണംമൂലം പൊള്ളലേറ്റ പശുക്കളുടെ ശരീരമാകെ വൃണങ്ങളാണ്.
ഇവരുടെ മാത്രം ഏഴ് കന്നുകാലികളാണ് ആസിഡ് ആക്രമണത്തിന്റെ ക്രൂരതയ്ക്കിരയായത്. ഇതിന് പുറമെ കഴിഞ്ഞ ഒരു വർഷത്തിനിടിയിൽ മറ്റ് ചിലരുടെ കന്നുകാലികളും സമാനമായ ക്രൂരത നേരിട്ടു.
രാവിലെ വനത്തിൽ മേയാൻ വിടുന്ന കന്നുകാലികൾ വൈകുന്നേരം തിരിച്ചെത്തുന്പോഴാണ് ആസിഡ് ആക്രമണത്തിനിരയായ വിവരം ഉടമകൾ അറിയുന്നത്. പല കന്നുകാലികൾക്കു നേരേയും ഒന്നിലേറെതവണ ആക്രമണമുണ്ടായിട്ടുണ്ട്.
ചികിത്സപോലും സാധ്യമാകാത്ത അവസ്ഥയാണുള്ളത്. വനത്തിന്റെ സാമീപ്യമുള്ളതിനാൽ കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന നിരവധി കുടുബങ്ങൾ പ്രദേശത്തുണ്ട്.
ആസിഡ് ആക്രണം തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ പോലീസിൽ പരാതി നൽകി.