കൊച്ചി: കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ ആപ്പിലെ പിഴവ് മുതലെടുത്ത് തുടരുന്ന തട്ടിപ്പിന് തടയിടാനാകാതെ അധികൃതര്‍.
ആധാര്‍ അടക്കമുളള തിരിച്ചറിയല്‍ രേഖകളുടെ നമ്പര്‍ മോഷ്ടിച്ച് വ്യാജന്മാര് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുന്നുവെന്ന നിരവധി പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്നിന്ന് ഉയര്‍ന്നിട്ടും ഈ പിഴവ് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ വേണ്ടപ്പെട്ടവര്‍ ഇനിയും കൈക്കൊണ്ടിട്ടില്ല.
നിലവില്‍ വാക്സിന് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സൈറ്റുകളില്‍ പ്രവേശിക്കുമ്പോഴാണ് പലരും തങ്ങളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മറ്റൊരാള്‍ രജിസ്ട്രേഷന് നടത്തിയതായി അറിയുന്നത്.
ഇതോടെ സാധുവായ മറ്റു രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന് നടത്തേണ്ട ഗതികേടിലാണ് തിരിച്ചറിയല്‍ രേഖകളുടെ യഥാര്‍ഥ ഉടമകള്‍. അതേസമയം ആധാര്‍ മാത്രം തിരിച്ചറിയല്‍ രേഖകളായി ഉള്ളവര്‍ക്ക് ഇതു വെല്ലുവിളിയാവുകയാണ്.
രേഖയുടെ ഉടമസ്ഥരാര്? വാക്സിൻ ആർക്ക്?
രജിസ്ട്രേഷനായി നല്കുന്ന തിരിച്ചറിയല്‍ രേഖ രജിസ്റ്റര്‍ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുളള മാര്‍ഗം കോവിന്‍ ആപ്പില്‍ ഇല്ലെന്ന പരിമിതിയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.
ആധാറും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയുമടക്കം എട്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പക്ഷേ രജിസ്റ്റര്‍ ചെയ്യുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പരും രജിസ്റ്റര്‍ ചെയ്യുന്നയാളും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല.
ഒരൊറ്റ തിരിച്ചറിയല്‍ രേഖ മാത്രമുളളവര്ക്കാണ് ഇതിലൂടെ നഷ്ടം സംഭവിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുള്ളവര് വാക്സിനേഷന് ഇനി എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ്.
ആധികാരികത ഉറപ്പുവരുത്തണം
രജിസ്റ്റര്‍ ചെയ്യുന്ന ഓരോ തിരിച്ചറിയല്‍ രേഖയുടെയും ആധികാരികത ഉറപ്പാക്കാനുളള സൗകര്യം പോര്‍ട്ടലില്‍ കൊണ്ടുവരണമെന്നാണ് തിട്ടിപ്പിന് ഇരയായ കളമശേരി കോമ്പാറ സ്വദേശി സാം വര്‍ഗീസ് പറയുന്നത്.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖ പരിശോധിച്ചു മാത്രമേ വാക്സിന് കേന്ദ്രത്തില്‍ വാക്സിന് നല്‍കൂ.
അതുകൊണ്ടുതന്നേ ഒരു തിരിച്ചറിയല്‍ രേഖമാത്രം ഉള്ള തട്ടിപ്പിനിരയായവര്‍ക്ക് ഇനി എങ്ങനെ വാക്സിന് ലഭിക്കുമെന്നതില്‍ വ്യക്തത വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പാസ്പോര്‍ട്ട് നമ്പര്‍ ആണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്കില്‍ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് വിദേശ യാത്രകള്‍ പോലും തടസപ്പെടുന്ന അവസ്ഥയാണുള്ളത്.