കൊച്ചി: തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തു സ്വകാര്യ ട്രസ്റ്റിനു കീഴിലുള്ള ഗോശാലയ്ക്കെതിരേ നിയമപ്രകാരം നടപടിയെടുക്കാൻ ഹൈക്കോടതി നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
ശ്രീ പദ്മനാഭസ്വാമി ഗോശാല ട്രസ്റ്റ് എന്ന പേരിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഗോശാലയ്ക്കെതിരേ ക്ഷേത്രം ട്രസ്റ്റ് നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് വിധി. ഗോശാലയുടെ നടത്തിപ്പുകാർക്കു പറയാനുള്ളതു കേട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കാനും വിധിയിൽ പറയുന്നു.
മതിയായ അനുമതിയില്ലാതെയാണു ഗോശാല പ്രവർത്തിക്കുന്നതെന്നും അഞ്ച് സെന്റിൽ കിടാവുകൾ ഉൾപ്പെടെ 38 പശുക്കൾ ഉണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പശുക്കളെ സംരക്ഷിക്കുന്നത്. ഇതു സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.